Deshabhimani

ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു

ലക്ഷദ്വീപിലേക്ക് ചരക്ക്‌ 
കയറ്റിപ്പോയ ഉരു മുങ്ങി

മുങ്ങിയ ഉരുവിലെ രക്ഷപ്പെടുത്തിയ ജീവനക്കാരെ കോസ്റ്റ് ഗാർഡ് കപ്പലിൽ ബേപ്പൂരിലേക്ക് കൊണ്ടുവരുന്നു

മുങ്ങിയ ഉരുവിലെ രക്ഷപ്പെടുത്തിയ ജീവനക്കാരെ കോസ്റ്റ് ഗാർഡ് കപ്പലിൽ ബേപ്പൂരിലേക്ക് കൊണ്ടുവരുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 02:01 AM | 1 min read

ഫറോക്ക് ബേപ്പൂർ തുറമുഖത്തുനിന്ന്‌ ലക്ഷദ്വീപിലെ കവരത്തി ദ്വീപിലേക്ക് ചരക്ക്‌ കയറ്റിപ്പോയ ഉരു കടലിൽ മുങ്ങി. ക്യാപ്റ്റൻ (സ്രാങ്ക്) ഉൾപ്പെടെ തമിഴ്നാട് സ്വദേശികളായ എട്ട്‌ ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ടഗ്ഗും കപ്പലും ചേർന്ന് രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്തെത്തിച്ചു. ചരക്കുമായി പോകുകയായിരുന്ന ഉരുവിന്റെ മുൻവശത്ത് രാത്രി വലിയ മീൻപിടിത്ത ബോട്ടിടിച്ചിരുന്നു. വിള്ളലുണ്ടായതിനെ തുടർന്ന് വെള്ളം കയറിയാണ് മുങ്ങിയതെന്നാണ് വിവരം. ചരക്കടങ്ങിയ ഉരു പൂർണമായും മുങ്ങി. ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ​ചൊവ്വ വൈകിട്ട് അഞ്ചിന് ബേപ്പൂർ തുറമുഖത്തുനിന്ന്‌ 170 ടൺ ചരക്കുമായി പുറപ്പെട്ട ‘ജീസസ് ഹാർട്ട്' ഉരുവാണ് ബേപ്പൂർ തീരത്തുനിന്ന്‌ 20 നോട്ടിക്കൽ മൈൽ (37 കി.മീറ്റർ) അകലെ കടലിൽ മുങ്ങിയത്. തൂത്തുക്കുടി സ്വദേശി സുന്ദരി ആന്റണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഉരു.ചൊവ്വ രാത്രി പത്തരയോടെയാണ് അപകടം. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ സ്രാങ്ക് മിഷേൽ (56), ക്ലിറ്റൺ (25), ഡൊമനിക് (60), കിഷോൺ(23), ക്ലാപ്റ്റൺ (64), സൂസയ് എഡിസൻ (69), കന്യാകുമാരി കടലൂർ സ്വദേശി അയ്യപ്പൻ കാശിനാഥൻ (36), കന്യാകുമാരി ചിറ്റവിളൈ സ്വദേശി ഭാസ്കരൻ (51) എന്നിവരെയാണ് തീരദേശ സംരക്ഷണ സേന രക്ഷിച്ചത്‌. ബുധൻ രാവിലെ പത്തരയോടെ ഇവരെ ബേപ്പൂർ തുറമുഖത്ത് എത്തിച്ചു. അപകടമുണ്ടായ ഉടൻ ലൈഫ് ബോട്ടിൽ കയറിയ ജീവനക്കാർ വിഎച്ച്എഫ് റോഡിയോ വഴി നൽകിയ സന്ദേശമനുസരിച്ച്‌ എത്തിയ കോസ്റ്റ് ഗാർഡ് ടഗ്ഗ് - റെസ്കോ 4ൽ കയറ്റുകയായിരുന്നു. പിന്നീട് ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽനിന്ന്‌ ഐസിജിഎസ് സി -144 കപ്പലും എത്തി. ഇതിൽ കയറ്റിയാണ് എട്ടുപേരെയും കരയിലെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home