ജലോത്സവം 2026
താണിയനും മടപ്ലാതുരുത്തും ജേതാക്കൾ

കൊട്ടുവള്ളിക്കാട് മുസിരിസ് കായലിൽ നടന്ന ജലോത്സവം 2026 എ ഗ്രേഡ് ഫൈനലിൽ താണിയൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
പറവൂർ
വടക്കേക്കര പഞ്ചായത്തും മൂത്തകുന്നം വിഘ്നേശ്വര ബോട്ട് ക്ലബ്ബും ചേർന്ന് നവോത്ഥാന ട്രോഫിക്കായി കൊട്ടുവള്ളിക്കാട് മുസിരിസ് കായലിൽ സംഘടിപ്പിച്ച ‘ജലോത്സവം– 2026’ൽ താണിയനും മടപ്ലാതുരുത്തും ജേതാക്കൾ. ഇരുട്ടുകുത്തികൾ മാറ്റുരച്ച ജലമാമാങ്കത്തിന്റെ എ ഗ്രേഡ് ഫൈനലിൽ തുരുത്തിപ്പുറം ക്രിസ്‌തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ പനങ്ങാട്, എസ്എസ്ബിസിയുടെ സെന്റ് സെബാസ്റ്റ്യൻ ഒന്നാമനെ പരാജയപ്പെടുത്തി.
ജലോത്സവത്തിൽ താണിയന്റെ ഹാട്രിക് വിജയമാണിത്. ബി ഗ്രേഡ് ഫൈനലിൽ കുറുമ്പത്തുരുത്ത് കെബിസിയുടെ മടപ്ലാതുരുത്ത്, ടിബിസി തുരുത്തിപ്പുറത്തിന്റെ തട്ടകത്തമ്മയെ രണ്ടാംസ്ഥാത്തേക്കു പിന്തള്ളി. ഇരുവിഭാഗങ്ങളിലുമായി 12 വള്ളങ്ങൾ മാറ്റുരച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണൻ ജലമേള ഉദ്ഘാടനം ചെയ്‌തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷനായി. വിബിസി പ്രസിഡന്റ് പി ജെ ജയഘോഷ് പതാക ഉയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഫ്ലാഗ്‌ഓഫ് ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ തുഴ കൈമാറി. മികച്ച കെഎസ്ആർടിസി കണ്ടക്ടർ അവാർഡ് ജേതാവ് കെ പി നഹുഷൻ, ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻ ടി എസ് ഷൈലൻ, കമന്റേറ്റർ ഉണ്ണിക്കൃഷ്ണൻ പകിടി എന്നിവരെ ആദരിച്ചു.
ജില്ലാപഞ്ചായത്ത് അംഗം എം എ നിത്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ, ബിജോയ് ബാബു, എൻ ആർ ഗിരിജ, കെ പി മനോജ്, ടി എസ്. ശിവാനന്ദൻ, പി ആർ സുർജിത്ത്, കെ ബി ബിൻഷാദ് എന്നിവർ സംസാരിച്ചു.









0 comments