print edition ജോലിയിൽനിന്ന് പിരിച്ചുവിട്ടു: കുഴഞ്ഞുവീണ ശുചീകരണ തൊഴിലാളി ഗുരുതരാവസ്ഥയിൽ

ഇ ബാലകൃഷ്‌ണൻ
Published on Oct 22, 2026, 01:30 AM | 1 min read
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് അന്യായമായി പിരിച്ചുവിട്ട ശുചീകരണ തൊഴിലാളി, ജോലി നഷ്ടപ്പെട്ടന്നറിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ പൊട്ടിയ പിന്നാങ്കോണിൽ ശാരദ (52) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തിട്ടില്ല. ഇവരുൾപ്പെടെ അഞ്ചുപേരെയാണ് കഴിഞ്ഞദിവസം ജലസേചന വകുപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.
ശനിയാഴ്‌ച രാവിലെയാണ് ശാരദ കുഴഞ്ഞുവീണത്. ജോലിയിൽനിന്ന് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഒക്‌ടോബർ എട്ടിനാണ് ശാരദക്കും മറ്റ് നാലുപേർക്കും അധികൃതർ നോട്ടീസ് നൽകിയത്. ഇതറിഞ്ഞ നിമിഷംമുതൽ ശാരദ വലിയ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവും മകനും മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗം ശാരദയുടെ ശുചീകരണ ജോലിയായിരുന്നു. പൊന്മലപ്പാറയിൽ അഞ്ച് സെന്റ് സ്ഥലവും കൊച്ചു വീടും മാത്രമാണുള്ളത്. ബാങ്കിൽനിന്ന് വായ്പയെടുത്താണ് വീട് നിർമിച്ചത്. മകളുടെ വിവാഹം ഉറപ്പിച്ചിരിക്കെയാണ് പിരിച്ചുവിടൽ.
2007ൽ ക്ലീൻ പെരുവണ്ണാമൂഴിക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ശാരദ (52), ജമീല (66), ശോഭന (57) പ്രേമ (58), ശ്രുതി ചന്ദ്രൻ (38) എന്നിവരെ നിയമിച്ചത്. 82 രൂപയായിരുന്നു ദിവസവേതനം. 2022ൽ എൽഡിഎഫ് സർക്കാർ ഇവരെ ജലസേചന വകുപ്പിന്റെ ഭാഗമാക്കി കൂലി 675 രൂപയാക്കി വർധിപ്പിച്ചു. 19 വർഷമായി ജോലിചെയ്തുവരുന്നവരെയാണ് ഒരുകാരണവുമില്ലാതെ പിരിച്ചുവിട്ടത്. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയും പിരിച്ചുവിട്ട നടപടി ജസ്റ്റിസ് പി ഗോപിനാഥ് സ്റ്റേയും ചെയ്‌തിരുന്നു. ഒരുമാസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.









0 comments