പൊളിഞ്ഞത് ഒത്തുകളിയും നീതിനിഷേധവും

പിണറായി വിജയനെ വിവാദങ്ങളിലും കേസുകളിലും കുടുക്കാനുള്ള ശ്രമങ്ങളിൽ പുതുമയില്ല. പതിറ്റാണ്ടുകളായി നടക്കുന്ന ഇൗ വേട്ടയിൽ ഒരു അധ്യായംമാത്രമാണ് സിഎംആർഎൽ–എക്സാലോജിക് കേസ് എന്ന് അറിയപ്പെടുന്ന സംഗതി. ഇത് പിണറായി വിജയൻ എന്ന വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല, സിപിഐ എമ്മിനെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായ ആ സൂത്രിത നീക്കമാണെന്ന് പലതവണ വ്യക്തമായിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിട്ട ചരിത്രമാണ് സിപിഐ എമ്മിനുള്ളത്. ലാവ്ലിൻ വിഷയത്തിൽ ഉൾപ്പെടെ ഉന്നത നീതിപീഠങ്ങളിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിട്ടും നെറികെട്ട ദുഷ്പ്രചാരണം തുടരുകയാണ്. സിഎംആർഎൽ–എക്സാലോജിക് വിഷയത്തിലും തൽപ്പരകക്ഷികളുടെ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങൾ മുന്പ് സുപ്രീംകോടതിയിൽവരെ പരാജയപ്പെട്ടതാണ്.
സംസ്ഥാനത്ത് ഭരണമാറ്റത്തിനുശേഷം രൂപംകൊണ്ട രാഷ്ട്രീയസാഹചര്യത്തിൽ ആരംഭിച്ച പുതിയ വേട്ടയ്ക്ക് തിരിച്ചടിയേറ്റതാണ് ഒടുവിലത്തെ സംഭവവികാസം. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായ ഇഡിക്കും വി ഡി സതീശൻ സർക്കാരിനും സുപ്രീംകോടതിയിൽനിന്ന് ശരിക്കും പ്രഹരമേറ്റിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയദുരുദ്ദേശ്യത്തിന്റെ മറവിൽ പിണറായി വിജയനെ കുടുക്കാൻ പദ്ധതിയിട്ട ഇഡിക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്. ഇൗ വിഷയത്തിൽ കെട്ടുകഥകൾ മെനയുന്നതല്ലാതെ തെളിവൊന്നും കൈവശമില്ലാത്ത കൂട്ടരാണ് പിണറായി വിജയനെതിരെ നിഴൽയുദ്ധം നടത്തുന്നത്. ഇഡിയുടെ പക്കലും തെളിവൊന്നുമില്ല. മാത്രമല്ല, ഏതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്യാതെ നിയമപരമായി ഇടപെടാൻ അവകാശമില്ലാത്ത ഇഡി അവസരം കാത്ത് വട്ടമിട്ട് നിൽക്കുകയായിരുന്നു. പൊതുതാൽപ്പര്യഹർജിയുടെ മറവിൽ ഇൗ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിനോട് നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യംചെയ്യാൻ പിണറായി വിജയന് അവസരം നിഷേധിക്കപ്പെട്ടു. ഇഡിയുടെ ആവശ്യപ്രകാരം സംസ്ഥാന വിജിലൻസ് കേസെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ പിണറായി വിജയന്റെയും മറ്റും പേര് പറയാത്തതിനാൽ ഡിവിഷൻ ബെഞ്ച് അപ്പീൽ അവകാശം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പിണറായി വിജയന്റെയും മറ്റും ഹർജിയിന്മേൽ ഹൈ ക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡിക്ക് ഇതര ഏജൻസികളുടെ അധികാരത്തിൽ കടന്നുകയറാൻ അവകാശമില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഓർമിപ്പിച്ചു. ഇഡിയുടെ കത്തിന്മേൽ നിർബന്ധമായും കേസെടുക്കണമെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതി തള്ളി. ഓരോ കേസിലും സാഹചര്യം വ്യത്യസ്തമാണ്. ഇത്തരത്തിൽ മുമ്പുണ്ടായ ഉത്തരവുകൾ നിയമമായി കരുതേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിജിലൻസ് അന്വേഷണ നടപടികൾ 10 ദിവസത്തേക്ക് പൂർണമായും തടഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഉത്തരവിൽ ഹർജിക്കാരുടെ പേരുകൾ പറയാത്തതിനാൽ അവർക്ക് അപ്പീലിന് അവകാശമില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിലപാട് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇഡി കൈമാറിയ രേഖകളിൽ അവർ ലക്ഷ്യമിടുന്നവരുടെ പേരുകളുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രതികളാക്കാൻ സാധ്യതയുള്ളവർക്ക് അവരുടെ വാദങ്ങൾ പറയാൻ ബിഎൻഎസ്എസ് പ്രകാരം അവകാശമുണ്ട്. ഇഡി വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദേശിച്ച ഉത്തരവ് തങ്ങളെ ബാധിക്കുമെന്ന പിണറായി വിജയന്റെയും മറ്റും വാദം സുപ്രീംകോടതി അംഗീകരിച്ചു. വി ഡി സതീശൻ സർക്കാരിന്റെയും ഇഡിയുടെയും കള്ളക്കളി ഇതോടെ പൊളിഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന പൊതുവ്യവസ്ഥ ലംഘിക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതിനെതിരെ അപ്പീൽ നൽകേണ്ടതിനുപകരം സംസ്ഥാന സർക്കാർ തിടുക്കത്തിൽ കേസ് എടുക്കുകയാണ് ചെയ്തത്. അതായത് ഇഡിയുടെ താളത്തിന് തുള്ളുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. നാളെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾക്കെതിരെയും ഇഡി സമാനനീക്കം നടത്തിയേക്കാം. അപ്പോൾ വി ഡി സതീശനും കൂട്ടരും എന്തുചെയ്യും? സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം ഇഡി വേട്ട നേരിടുന്നവരാണ്. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം നോക്കാതെയാണ് ഇൗ വിഷയത്തിലും യുഡിഎഫ് സർക്കാർ പ്രവർത്തിച്ചത്.









0 comments