print edition ഖത്തർ കെഎംസിസി ഓഫീസിലെ കവർച്ച; ബിജെപി നേതാവ് പിടിയിൽ


സ്വന്തം ലേഖകൻ
Published on Oct 22, 2026, 01:30 AM | 1 min read
കൊയിലാണ്ടി: ഖത്തര്‍ കെഎംസിസി ഓഫീസിൽനിന്ന് എട്ട് കോടി രൂപ കവർന്ന കേസിൽ ബിജെപി നേതാവ് പിടിയിൽ. നെല്ല്യാടി സ്വദേശി പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണൻ (60)ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭ മൂന്നാം വാര്‍ഡിൽ ബിജെപി സ്ഥാനാർഥിയായ ബാലകൃഷ്ണന്‍ നിലവിൽ ബിജെപിയുടെ വിയ്യൂർ ബൂത്ത് പ്രസിഡന്റാണ്. ഇൻഡസ്ട്രിയല്‍ വര്‍ക്കറായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ഖത്തറിലേക്ക് പോയത്.
2025 സെപ്‌തംബര്‍ 18നായിരുന്നു ഖത്തറിലെ അല്‍ തുമാമയിലെ കെഎംസിസി ഓഫീസില്‍ കവര്‍ച്ച. ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തശേഷം 31 ലക്ഷം റിയാ (8.6 കോടി ഇന്ത്യൻ രൂപ)ലാണ് കവര്‍ന്നത്. കവർച്ചക്കു ശേഷം ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായി.
കേസിൽ ആറ് പ്രതികളാണുള്ളത്. കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശികളായ റാഷി, ബാവ എന്ന സാലിഹ്, മമ്മളി (ഹസന്‍), നിസാര്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ബാലകൃഷ്‌ണൻ കൊയിലാണ്ടി പൊലീസിൽ കീഴടങ്ങിയത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ കൊയിലാണ്ടി സബ് ജയിലിലാണ്. ഇൻഡസ്ട്രിയൽ ജോലിക്കായി ഖത്തറിലേക്കുപോയ തന്നെ മറ്റ് പ്രതികൾ തെറ്റിദ്ധരിപ്പിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാക്കിമാറ്റുകയായിരുന്നുവെന്നാണ് ബാലകൃഷ്ണൻ നൽകിയ മൊഴി.









0 comments