കിഫ്ബി ഫണ്ട് ലഭിക്കില്ല
3 പദ്ധതികളുടെ ഭാവി ആശങ്കയിൽ

പ്രത്യേക ലേഖകൻ
Published on Oct 22, 2026, 12:38 AM | 1 min read
പാലക്കാട്
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബിയെ യുഡിഎഫ് സർക്കാർ മരവിപ്പിച്ചതോടെ ജില്ലയിൽ മൂന്ന് പ്രധാന പദ്ധതികളുടെ നിർമാണം ഇനി എന്നുതുടങ്ങുമെന്ന് ഉറപ്പില്ല. ഇവയ്ക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. സാങ്കേതിക, ഭരണ അനുമതികൾ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തികരിച്ച പദ്ധതികൾ നിർമാണം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പട്ടാമ്പി– ആമയൂർ റോഡ്, പട്ടാമ്പി റവന്യു ടവർ, ഷൊർണൂർ നഗരസഭ വാതക ശ്മശാനം എന്നിവയുടെ നിർമാണമാണ് അനിശ്ചിതത്വത്തിലായത്. 16.99 കോടി രൂപയുടെ പദ്ധതിയാണ് പട്ടാമ്പി– ആമയൂർ റോഡ്. ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാംഘട്ടത്തിന് എല്ലാ അനുമതിയുമായി ടെൻഡർ നടപടി പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ട വികസനംകൂടി യാഥാർഥ്യമായാൽ മാത്രമേ റോഡിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കൂ. 34.54 കോടിയുടെ പദ്ധതിയാണ് പട്ടാമ്പി റവന്യു ടവർ. പട്ടാമ്പി നഗരത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകാനാകുന്ന പദ്ധതിക്ക് എല്ലാ നടപടികളും പൂർത്തിയാക്കിയതാണ്. ടെൻഡർ നടപടികളും അവസാന ഘട്ടത്തിലാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ അഞ്ച് ടെൻഡറുകൾ ലഭിച്ചിരുന്നു. എന്നാൽ പണം അനുവദിച്ചാൽ മാത്രമേ പണി തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ബജറ്റ് വിഹിതം ഉപയോഗിച്ച് ഇത്രയും വലിയ നിർമാണം നടക്കുന്ന കാര്യത്തിൽ സംശയമുണ്ട്. ഷൊർണൂർ നഗരസഭയുടെ വാതകശ്മശാനം 3.43 കോടി രൂപ ചെലവിൽ നിർമിക്കാനാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയത്. അതിന്റെ കാര്യത്തിലും അനിശ്ചിതാവസ്ഥയാണ്. ഏറ്റവും ഒടുവിലാണ് പദ്ധതി എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുമതി നൽകിയത്. ഭാരതപ്പുഴയുടെ ഭാഗമായി നിർമിക്കുന്ന വാതക ശ്മശാനം ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. കിഫ്ബി മുടങ്ങിയതോടെ പദ്ധതിയുടെ ഭാവിയും ആശങ്കയിലായി.









0 comments