ബാറിലെ പാർക്കിങ് ഏരിയയിൽ ആക്രമണം: സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

കൊടകര
ബാറിലെ പാർക്കിങ് ഏരിയയിൽവച്ച് അമ്പത്തിനാലുകാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കൊടകര പൊലീസ് സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിലായി. കൊടകര മനക്കുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22), എനാശേരി വീട്ടിൽ ആഷിത് (21)എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ പേരുള്ളയാളുമാണ്. ഒക്ടോബർ 19ന് രാത്രി 8.30ഓടെ കൊടകര ഗോൾഡൻ ബാറിന് മുന്നിലെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വൈലൂർ സ്വദേശിയായ കിഴക്കുടൻ വീട്ടിൽ സതീശൻ(54)എന്നയാളുടെ പരിചയക്കാരനായ കാർത്തികുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെ പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യത്തിലാണ് പ്രതികൾ സതീശനെ ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സതീശന്റെ ഇടത് കണ്ണിന് താഴെയുള്ള എല്ല് പൊട്ടുകയും ഗുരുതര മായി പരിക്കേൽക്കുകയും ചെയ്തു. കൊടകര, കണ്ണൂർ, ആറളം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും അടക്കം 5 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആദിത്യൻ. കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച കേസിലും അടക്കം 2 ക്രിമിനൽ കേസിൽ പ്രതിയാണ് ആഷിത്. കൊടകര സി ഐ ആനന്ദ്, എസ്എച്ച്ഒ എൻ പ്രദീപ്, ജിഎസ്ഐമാരായ മുഹമ്മദ് ഭാഷി, ഗോകുലൻ, സിപിഒമാരായ രജിത്ത്, ശ്രീനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments