Deshabhimani

എഐ കാലത്തെ പഠനം

artificial intelligence
വെബ് ഡെസ്ക്

Published on Oct 22, 2026, 12:39 AM | 3 min read

ലോകം അതിവേഗം നിർമിതബുദ്ധിയുടെ (Artificial Intelligence) കൈകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിടി, ജെമിനി, നോട്ട്ബുക്ക് എൽഎം, ക്ലോഡ‍് തുടങ്ങിയ അത്യാധുനിക എഐ ടൂളുകൾ ഇന്ന് മുതിർന്നവരെപ്പോലെ കുട്ടികളുടെയും വിരൽത്തുമ്പിലുണ്ട്. ഈ പുതിയ യുഗത്തിൽ പരമ്പരാഗത വിദ്യാഭ്യാസ രീതികൾ അതേപടി തുടരണോ എന്ന ചോദ്യമുയരുന്നുണ്ട്. കുട്ടികൾ എങ്ങനെ പഠിക്കണം, അധ്യാപകർ എങ്ങനെ പഠിപ്പിക്കണം, അവരുടെ അറിവ് എങ്ങനെ മൂല്യനിർണയം ചെയ്യപ്പെടണം എന്നതിനെക്കുറിച്ചെല്ലാം പുനർവിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു.


അസൈൻമെന്റുകളിൽനിന്ന് 
സൊല്യൂഷൻ ഡിസൈനിലേക്ക്


നമ്മുടെ വിദ്യാഭ്യാസരീതി ഒരു പരിധിവരെ വിവരം കാണാതെ പഠിച്ച് പരീക്ഷാ പേപ്പറിൽ എഴുതുന്നതിനെയും പുസ്തകങ്ങളിൽനിന്നോ ഇന്റർനെറ്റിൽ നിന്നോ വിവരങ്ങൾ പകർത്തി അസൈൻമെന്റുകൾ ഉണ്ടാക്കുന്നതിനെയുമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്റർനെറ്റിലുള്ള മുഴുവൻ പുസ്തകങ്ങളും നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്ത് ഉപന്യാസങ്ങളും അസൈൻമെന്റുകളും തയ്യാറാക്കാൻ ശേഷിയുള്ള നിർമിതബുദ്ധി നിലവിലുള്ളപ്പോൾ, പഴയ രീതിയിലുള്ള ഇത്തരം ടാസ്കുകൾക്ക് പ്രസക്തിയില്ല.


ഇനി വിദ്യാർഥികൾ വളരേണ്ടത് കേവലം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർ എന്ന നിലയിലല്ല, മറിച്ച് യഥാർഥ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന ‘സൊല്യൂഷൻ ഡിസൈനർമാർ' (Solution Designers) എന്ന നിലയിലാവണം. അറിവ് നേടുന്നതിലല്ല, ആ അറിവ് ഉപയോഗിച്ച് പുതിയൊരു മൂല്യം സൃഷ്ടിക്കുന്നതിലാണ് നാളത്തെ തലമുറയുടെ വിജയം. ഇനി വരുന്ന കാലത്ത് എഐ എന്ന സാങ്കേതിക സംവിധാനത്തെ കൃത്യമായി ഉപയോഗപ്പെടുത്തി സൊല്യൂഷനുകൾ ഡിസൈൻ ചെയ്യാൻ കഴിയുക എന്നതാണ് മനുഷ്യനുവേണ്ട ഏറ്റവും വലിയ യോഗ്യതയും വൈദഗ്ധ്യവും (Skill). കാരണം, കഠിനമായി പണിയെടുക്കാൻ എ.ഐ ടൂളുകളും റോബോട്ടുകളും ഇന്ന് ലഭ്യമാണ്. മനുഷ്യർ ചെയ്യുന്ന വലിയൊരു ശതമാനം ജോലികളും ഭാവിയിൽ മനുഷ്യരേക്കാൾ വേഗത്തിലും കൃത്യതയിലും ചെയ്യാൻ അവയ്ക്ക് സാധിക്കും. അവയെക്കൊണ്ട് കൃത്യമായി പണിയെടുപ്പിക്കാനാണ് മനുഷ്യർ ഇനി പഠിക്കേണ്ടത്.


ടൂളുകളാകുന്ന 
തിയറികളും 
‘സിസ്റ്റം തിങ്കിങും'


ഈ മാറ്റം സാധ്യമാകണമെങ്കിൽ പാഠപുസ്തകങ്ങളിലെ തിയറികളെ നമ്മൾ സമീപിക്കുന്ന രീതി മാറണം. ക്ലാസ് മുറിയിൽ പഠിക്കുന്ന ശാസ്ത്ര-ഗണിത തത്വങ്ങൾ വെറുമൊരു പരീക്ഷ ജയിക്കാനുള്ളതല്ല, മറിച്ച് യഥാർഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ‘ടൂളുകൾ' ആണെന്ന രീതിയിൽ വേണം കുട്ടികൾ അവയെ മനസിലാക്കാൻ. ട്രിഗണോമെട്രിയിലെ ‘സൈൻ തീറ്റയും' ‘കോസ് തീറ്റയും' വെറുതെ കാണാതെ പഠിക്കുന്നതിന് പകരം ഡ്രോണുകളുടെ സ്റ്റെബിലിറ്റി നിയന്ത്രിക്കുന്നതിലും റോബോട്ടിക് കൈകളുടെ ചലനങ്ങൾ പ്രോഗ്രാം ചെയ്യുന്നതിലും ഡ്രൈവർലസ് കാറുകളുടെ കൃത്യമായ ചലനത്തിനും റോക്കറ്റുകളുടെ ഗതി നിർണയിക്കുന്നതിനും ഇവ എങ്ങനെയാണ് ടൂളുകളായി മാറുന്നത് എന്ന് വിദ്യാർഥികൾക്ക് ബോധ്യപ്പെടണം.


തിയറി പഠിച്ച് അത് പ്രയോഗിക്കാൻ പഠിപ്പിക്കുമ്പോൾ നമ്മൾ കുറെ ജോലിക്കാരെ മാത്രം സൃഷ്ടിക്കുന്നു. മറിച്ച് ഒരു പ്രോബ്ലം സോൾവ് ചെയ്യാൻ വേണ്ടി തിയറി പഠിക്കുമ്പോൾ കുറേ ഗവേഷകരും ജനിക്കുന്നു. വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ആശയമാണ് സിസ്റ്റം തിങ്കിങ്' (Systems Thinking). ഒരു പ്രശ്നത്തെ ഒറ്റപ്പെട്ട ഒന്നായി കാണാതെ, അതിന് ചുറ്റുമുള്ള സാഹചര്യങ്ങളെയും അത് സമൂഹത്തെയും പ്രകൃതിയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെയും ഒരൊറ്റ ശൃംഖലയായി (System) കണ്ട് വിശകലനം ചെയ്യാനുള്ള കഴിവാണിത്. ഒരു സൊല്യൂഷൻ ഡിസൈൻ ചെയ്യുമ്പോൾ അത് മറ്റ് മേഖലകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണാൻ സിസ്റ്റം തിങ്കിങ് കുട്ടികളെ പ്രാപ്തരാക്കും.


പരീക്ഷാ പേപ്പറുകൾക്ക് 
അപ്പുറം


എഐ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി നിലവിലെ പരീക്ഷാ-മൂല്യനിർണയ രീതികളാണ്. ഉപന്യാസങ്ങളും അസൈൻമെന്റുകളും സെമിനാർ നോട്ടുകളും നിർമിതബുദ്ധി ടൂളുകൾ ഉപയോഗിച്ച് കുട്ടികൾക്ക് സെക്കൻഡുകൾക്കുള്ളിൽ തയ്യാറാക്കാം എന്നതിനാൽ, പഴയ മൂല്യനിർണയ രീതി ഫലപ്രദമാകില്ല. പകരം, കുട്ടികളുടെ സർഗാത്മകതയും പ്രായോഗിക അറിവും അളക്കുന്ന രീതിയിലേക്ക് മൂല്യനിർണയം മാറണം. ക്ലാസ് മുറിയിലെ ഗ്രൂപ്പ് ചർച്ചകൾ, വായ് മൊഴിയിലുള്ള പ്രസന്റേഷനുകൾ, തത്സമയ പ്രശ്നപരിഹാര പരീക്ഷണങ്ങൾ (Open-book & Project defense) എന്നിവയ്ക്ക് കൂടുതൽ മാർക്ക് നൽകണം. നിർമിതബുദ്ധി എന്നത് മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല, മറിച്ച് മനുഷ്യന്റെ ചിറകുകൾക്ക് കരുത്തുകൂട്ടാനുള്ള ഒരു ഉപകരണം മാത്രമാണ്. സാങ്കേതികവിദ്യയുടെ വേഗതയ്ക്കൊപ്പം നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയും മാറുമ്പോഴാണ് ശാസ്ത്രബോധവും പ്രായോഗിക ബുദ്ധിയുമുള്ള ഒരു പുതിയ തലമുറയുണ്ടാവുന്നത്.


ക്ലാസ് മുറിയിൽ
പുതുസാധ്യതകൾ


പണ്ട് അറിവിന്റെ ഏക സ്രോതസ്‌ അധ്യാപകരും 
പാഠപുസ്തകങ്ങളും മാത്രമായിരുന്നു. എന്നാൽ ഇന്ന് ക്ലാസ് മുറിക്ക് പുറത്ത് കുട്ടികൾക്ക് എന്ത് സംശയവും തീർത്തുനൽകാൻ നിർമിതബുദ്ധി തയ്യാറാണ്. അധ്യാപകർ കേവലം വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നവരാകാതെ, കുട്ടികളുടെ ചിന്തകളെ ഉണർത്തുന്ന വഴികാട്ടികളും മെന്റർമാരുമായി (Facilitators) മാറണം. ഓരോ കുട്ടിയുടെയും പഠനവേഗതയും താല്പര്യങ്ങളും വ്യത്യസ്തമായിരിക്കും. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പാഠഭാഗങ്ങൾ ക്രമീകരിക്കാൻ (Adaptive Learning) അധ്യാപകർക്ക് സാധിക്കും. കഠിനമായ 
സാങ്കേതിക ആശയങ്ങളും പ്രോജക്റ്റുകളും ആനിമേഷനുകളിലൂടെയും വിഷ്വൽ ടൂളുകളിലൂടെയും 
കുട്ടികളിലേക്ക് എത്തിക്കാൻ ഇത് അധ്യാപകരെ 
സഹായിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home