ad
Deshabhimani

ജീവനക്കാരുടെ ഉൽപ്പാദനക്ഷമത അളക്കൽ; ഏകീകൃത സംവിധാനവുമായി ദുബായ്

dubai
വെബ് ഡെസ്ക്

Published on Aug 31, 2026, 03:57 PM | 2 min read

ദുബായ് : സർക്കാർ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത അളക്കാനും സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്താനുമായി ഏകീകൃത സംവിധാനവുമായി ദുബായ്. മാനവശേഷി വിഭാഗത്തിന്റെ നേതൃത്വത്തിൽ അഞ്ചുവർഷം നീണ്ട വികസനപ്രക്രിയ്‌ക്കൊടുവിലാണ് സംവിധാനം നിലവിൽ വന്നത്.


ദുബായ് സർക്കാരിന് കീഴിലുള്ള 32 സ്ഥാപനങ്ങൾ നിലവിൽ സംവിധാനത്തിന്റെ പരിധിയിൽ വരും. മാനവവിഭവശേഷി, സാമ്പത്തിക വിഭവങ്ങൾ, സർക്കാർ സേവനങ്ങളുടെ ഫലപ്രാപ്തി എന്നിവ തമ്മിലുള്ള ബന്ധം ഏകീകൃത രീതിയിൽ വിലയിരുത്താൻ ഇതിലൂടെ കഴിയും. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവർത്തനക്ഷമതയും വിഭവങ്ങളുടെ ഉപയോഗവും കൃത്യമായി അളക്കാനും വിശകലനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.


നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും ഉപയോഗിച്ചുള്ള വിശകലന സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വിലയിരുത്താനും സർക്കാർ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും നയപരമായ തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ കൈകൊള്ളാനും ഇതുവഴി സാധിക്കും. 2020ൽ ആണ് സംവിധാനത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ തെരഞ്ഞെടുത്ത ഏതാനും സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി. തുടർന്ന് 2023ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ ഏഴുപ്രകാരം സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. സംവിധാനം വികസിപ്പിക്കാനും വിവിധ സർക്കാർ സ്ഥാപനങ്ങളെ നടപ്പാക്കലിന് സജ്ജമാക്കാനും സമിതി നേതൃത്വം നൽകി.


ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്ന് 2025ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 67 പ്രകാരമാണ് സംവിധാനം സർക്കാർതലത്തിൽ നടപ്പാക്കുന്നത്.


പുതിയ സംവിധാനം നയരൂപീകരണത്തിന് പിന്തുണ നൽകുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത ഉയർത്തുകയും കൂടുതൽ കൃത്യവും മുൻകൂട്ടി വിലയിരുത്തിയതുമായ തീരുമാനങ്ങൾ കൈകൊള്ളാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് മാനവശേഷി ഡയറക്‌ടർ ജനറൽ അബ്‌ദുള്ള അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. സർക്കാർ വിഭവങ്ങളുടെ വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങളുടെ നിലവാരം ഉയർത്താനും സ്ഥാപനങ്ങളുടെ ദീർഘകാല പ്രവർത്തനക്ഷമത ഉറപ്പാക്കാനും ഏകീകൃത സംവിധാനം സഹായിക്കും. കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സർക്കാർ സംവിധാനമാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home