ad
Deshabhimani

മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ; ബോധവൽക്കരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

dubai
വെബ് ഡെസ്ക്

Published on May 08, 2026, 03:59 PM | 1 min read

ദുബായ്: മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും സംബന്ധിച്ച് പ്രത്യേക ബോധവൽക്കരണം സംഘടിപ്പിച്ച്‌ യുഎഇ ആഭ്യന്തര മന്ത്രാലയം. കുടുംബം, സമൂഹം, തൊഴിൽ മേഖല എന്നിവയിൽ മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പ്രധാനമായും നടന്നത്. പൊലീസ് ജുഡീഷ്യറി ജനറൽ ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിലുള്ള പരിപാടി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തിയറ്റർ ഹാളിൽ നടന്നു. ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.


മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സെഷനിൽ വിശദീകരിച്ചു. ഇതിനെതിരായ പ്രതിരോധ മാർഗങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടി. കുട്ടികളെ ശരിയായ ദിശയിൽ നയിക്കുന്നതിൽ കുടുംബങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സെഷനിൽ അഭിപ്രായപ്പെട്ടു.


ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലി പരിപാടിയിൽ പങ്കെടുത്തു. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹ ബോധം ഉയർത്താൻ ഇത്തരം സംവാദങ്ങൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ജുഡീഷ്യറി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. റാഷിദ് അലി അൽ നുഐമി, ടെക്‌നിക്കൽ ഓഫീസ് വകുപ്പ് ഡയറക്ടർ കേണൽ മാജിദ് അൽ മൻസൂരി, ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയിലെ ഡോ. ലാമിയ അൽ സാബി, നാഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ മനോരോഗ ചികിത്സാവിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ജുനൈബി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home