ad
Deshabhimani

കുവൈത്തിനെതിരെ വീണ്ടും ഡ്രോൺ ആക്രമണം; സൗദി എണ്ണ ഉൽപ്പാദനത്തിൽ ഇടിവ്

iran israel
avatar
അനസ് യാസിൻ

Published on Apr 10, 2026, 08:15 PM | 2 min read

മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കെ, കുവൈത്തിലെ ദേശീയ സുരക്ഷാ സേനയുടെ (നാഷണൽ ഗാർഡ്) സൈനിക കേന്ദ്രത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. നാഷണൽ ഗാർഡിന്റെ ഒരു പ്രധാന കേന്ദ്രത്തിന് ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.


ഇത് രണ്ടാം തവണയാണ് നാഷണൽ ഗാർഡ് കേന്ദ്രം ആക്രമിക്കപ്പെടുന്നത്. മാർച്ച് 29നായിരുന്നു ആദ്യ ആക്രമണം. അന്ന് പത്ത് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.


ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ഒരു തരത്തിലുള്ള ആക്രമണവും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) വ്യക്തമാക്കി. മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അമേരിക്കയോ സയണിസ്റ്റ് ശത്രുക്കളോ നടത്തുന്ന നാടകമാണിതെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾ ഏതങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തുകയാണെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


ചൊവ്വാഴ്ച വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ സൗദിയിലെ പ്രധാന എണ്ണ വിതരണ പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു വ്യവസായ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൈപ്പ് ലൈനിന് ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതുകാരണം, പ്രതിദിനം 7,00,000 ബാരൽ എണ്ണയുടെ ഒഴുക്ക് തടസ്സപ്പെട്ടു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടതോടെ സൗദിയുടെ ഏക പ്രധാന എണ്ണക്കടത്ത് പാതയാാണ് ഈ പൈപ്പ് ലൈൻ. ആക്രമണത്തിന് തൊട്ടുമുമ്പ് 70 ലക്ഷം ബാരൽ എന്ന അതിന്റെ റെക്കോർഡ് ശേഷിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിലാണ് കുറവ് രേഖപ്പെടുത്തിയത്.


പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ രാജ്യത്തെ എണ്ണ ഉൽപാദനത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. റിയാദ്, യാൻബു, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ എണ്ണ-വാതക ഉൽപാദന കേന്ദ്രങ്ങൾ, പൈപ്പ് ലൈനുകൾ, റിഫൈനറികൾ എന്നിവ ആക്രമിക്കപ്പെട്ടു. റാസ് തനൂറ, ജുബൈലിലെ സാതോർപ്പ്, യാൻബുവിലെ സാംറെഫ് തുടങ്ങിയ വൻകിട റിഫൈനറികളെയും ആക്രമണം ബാധിച്ചു. ഈ ആക്രമണങ്ങൾ മൂലം പ്രതിദിനം 6,00,000 ബാരൽ ക്രൂഡ് ഓയിൽ ഉൽപാദനമാണ് കുറഞ്ഞത്. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തെ ഇത് സാരമായി ബാധിക്കുമെന്നും വിപണിയിൽ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സൗദി ഊർജ്ജ മന്ത്രാലയം മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home