മന്ത്രിക്ക് വഴി നൽകിയില്ലെന്ന് ആരോപണം
പൊലീസ് തിരിച്ചുവിളിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
കുന്നംകുളം
മന്ത്രിക്ക് വഴി നൽകിയില്ലെന്ന ആരോപണത്തെ തുടർന്ന് കുന്നംകുളം പൊലീസ് തിരിച്ചുവിളിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. വെള്ളി പുലർച്ചെ 12.30 നാണ് അപകടം. പാലായിൽ നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ യാത്രചെയ്ത ബസാണ് പട്ടാമ്പി റോഡിൽവച്ച് അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട് പുറകോട്ടിറങ്ങിയ തടികയറ്റിയ ലോറി ബസിൽ ഇടിക്കുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് കുറ്റിപ്പുറത്തെത്തിയ ബസ് കുന്നംകുളം സ്റ്റേഷനിലേക്ക് വരുന്നതിനിടയിലാണ് അപകടം. എറണാകുളത്തുനിന്ന് വരികയായിരുന്ന മന്ത്രിയുടെ കാർ വ്യാഴം രാത്രി 10ന് ശേഷം തൃശൂർ– കുന്നംകുളം സംസ്ഥാനപാതയിലെ ഇടുങ്ങിയ ഭാഗത്തുവച്ച് ഈ ബസിനെ മറികടക്കാൻ ശ്രമിച്ചതായി പറയുന്നു. വീതി കുറഞ്ഞ ഭാഗമായതിനാൽ അൽപ്പസമയത്തിനു ശേഷമാണ് കാറിന് സൈഡ് നൽകാൻ ബസ് ഡ്രൈവർക്കായത്. എന്നാൽ ഇതിൽ പ്രകോപിതനായ മന്ത്രി കുന്നംകുളം പൊലീസിൽ പരാതി നൽകിയാണ് കോഴിക്കോട്ടേക്കുള്ള യാത്ര തുടർന്നത്. ബസ് കുറ്റിപ്പുറത്ത് എത്താറായപ്പോഴാണ് പൊലീസിൽ നിന്നുള്ള വിളിയെത്തിയത്. സംഭവത്തെക്കുറിച്ച് ഡ്രൈവർ വിശദീകരിച്ചെങ്കിലും തിരികെ പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ നിർദേശം ലഭിച്ചു. ഇതേത്തുടർന്ന് തിരികെവരുന്പോഴാണ് ബസ് പട്ടാമ്പി റോഡിൽവെച്ച് അപകടത്തിൽ പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് മണിക്കൂറുകൾക്കുശേഷം മറ്റൊരു ബസ് എത്തിയാണ് സംഘത്തിന് യാത്ര തുടരാനായത്.








0 comments