പരിസ്ഥിതി ലോല മേഖലാ കേന്ദ്ര വിജ്ഞാപനം
ഇറങ്ങിപ്പോകണോ ഇൗ മണ്ണിൽ നിന്ന്

സലിം
രാജേഷ് ജാൻവി
Published on Sep 05, 2026, 12:20 AM | 1 min read
പുനലൂർ ""
കാടു സംരക്ഷിക്കുന്നതിന് ഞങ്ങളാരും എതിരല്ല, പക്ഷേ, അത് ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാകരുത്. , കാട്ടുപന്നിയും ആനയും വിളവു മുഴുവൻ തിന്നുതീർത്തപ്പോഴും ഈ മണ്ണ് ഉപേക്ഷിക്കാൻ തോന്നീട്ടില്ല. പക്ഷേ, സ്വന്തം പറമ്പിൽ ഒരു കല്ലിടാൻ പോലും അനുവാദമില്ലാതെ ഇറങ്ങിപ്പോകേണ്ടി വരുമോ എന്നോർക്കുമ്പോഴാ നെഞ്ച് പിടയുന്നത്... തെന്മല ഒറ്റക്കൽ സ്വദേശിയായ കർഷകൻ സലിമിന്റെ വാക്കുകളിൽ പതറുന്നത് ഒരു നാടിന്റെ ആകെയുള്ള ജീവന്റെ തുടിപ്പാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്ന കേന്ദ്ര കരട് വിജ്ഞാപനം വന്നതോടെ, ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് കിഴക്കൻ മലയോരത്തിന്. തലമുറകളായി വിയർപ്പൊഴുക്കി റബ്ബറും വാഴയും പച്ചക്കറികളും വിളയിച്ച മണ്ണിൽ ഇനി എത്രനാൾ തുടരാനാകുമെന്ന ഭീതിയിലാണ് ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലെ സാധാരണക്കാരും തോട്ടം തൊഴിലാളികളും. കാടിനോട് പൊരുതി ചോരനീരാക്കുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം കൂടുതൽ ഇരുളടയുകയാണ്. പുതിയ നിയന്ത്രണങ്ങൾ വന്നാൽ തോട്ടങ്ങൾ പൂട്ടേണ്ടി വരുമെന്നും, തലചായ്ക്കുന്ന ചെറിയ ലയങ്ങൾ പോലും നവീകരിക്കാനാകില്ലെന്നുമുള്ള തിരിച്ചറിവ് ഇവരുടെ കണ്ണുകളിൽ കണ്ണീരു പടർത്തുന്നു. റബർ മരങ്ങൾക്കിടയിലൂടെ വെളുപ്പാൻകാലത്ത് പണിക്കിറങ്ങുമ്പോൾ, വന്യമൃഗങ്ങളുടെ ഭീഷണിക്കൊപ്പം ഇനിയൊന്നുണ്ടാകും –തൊഴിലും വിലാസവും നഷ്ടപ്പെടുമോ എന്ന ഭയം. ജീവിതം പെരുവഴിയിലാകുന്ന അവസ്ഥ വന്നിട്ടും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന സംസ്ഥാന സർക്കാരും വനംവകുപ്പും മൗനം പാലിക്കുന്നത് ജനങ്ങളുടെ മുറിവിൽ ഉപ്പുപുരട്ടുന്നതിന് തുല്യമായി. വന്യമൃഗങ്ങളെ ഭയന്ന് ജീവിച്ച മലയോര ജനതയിപ്പോൾ സ്വന്തം ഭാവി ഓർത്താണ് ഭയക്കുന്നത്. വികസനം സ്തംഭിക്കുന്ന, ആവാസവ്യവസ്ഥയ്ക്കൊപ്പം ജീവിതവും ഇല്ലാതാക്കുന്ന നിയമങ്ങൾക്കെതിരെ ഒരേ മനസ്സോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഈ ഗ്രാമങ്ങൾ.








0 comments