തീരദേശ പൊലീസ് ‘കട്ടപ്പുറത്ത്’
കടലിൽവീണവർക്ക് രക്ഷ മത്സ്യത്തൊഴിലാളികൾ തന്നെ

കൊല്ലം
സർക്കാർ സംവിധാനം നോക്കുകുത്തി, വള്ളം മറിഞ്ഞ് കടലിൽവീണ നാലു മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായത് മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ. തിരച്ചിലിന് യഥാസമയം നടപടി ഉണ്ടാകാത്തതിനാൽ മൂന്നുപേരുടെ ജീവൻ കടലിൽ പൊലിഞ്ഞതിന്റെ തീരാദുരിതം ചവറ പുത്തൻതുറയിലെ ഒരു കുടുംബം അനുഭവിക്കുന്പോഴും തുടരുകയാണ് സർക്കാർ അനാസ്ഥ. വ്യാഴം രാത്രി എട്ടിന് തങ്കശേരിയിൽനിന്ന് മീന്‍പിടിക്കാന്‍പോയ വാടി സ്വദേശി സീസറിന്റെ ‘ജോളി' എന്ന വള്ളമാണ് തങ്കശേരി പുലിമുട്ടിനടുത്ത് തിരയിൽപ്പെട്ട് മറിഞ്ഞത്. വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളികളെ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി ബിജു സെബാസ്റ്റ്യനും മറ്റു തൊഴിലാളികളും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്. കടലിൽ അകപ്പെടുന്ന തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട തീരദേശ പൊലീസിന്റെ പ്രവർത്തനം കാലാവധി കഴിഞ്ഞ രണ്ട് ബോട്ടുകളുമായാണ്. 15വർഷം കഴിഞ്ഞ ബോട്ടുകളാണ് ഇവ. നേത്ര, യോദ്ധ, ദർശന എന്നീ ബോട്ടുകളാണ് തീരദേശ പൊലീസിനുള്ളത്. ഇതിൽ നേത്രയും യോദ്ധയും കട്ടപ്പുറത്താണ്. ഇവയുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വൻവീഴ്ചയാണ്. തീരദേശ പൊലീസിന്റെ സ്‌പീഡ് ബോട്ടുകളുടെ സേവനം ലഭിക്കാത്തതിനാൽ അടുത്തിടെ കടലിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട് ജീവൻ നഷ്‌ടമായ സംഭവങ്ങൾ നിരവധിയാണ്. 15വർഷം കഴിഞ്ഞ രണ്ട് ബോട്ടുകളാണ് തീരദേശ പൊലീസിനുള്ളത്. ഇതിൽ ഒരെണ്ണം കൊല്ലം പോർട്ടിലും മറ്റൊരെണ്ണം നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിലുമാണ് ഉള്ളത്. നീണ്ടകരയിലെ സ്‌പീഡ് ബോട്ട് ഹാർബർ പരിസരത്തു പ്രവർത്തനരഹിതമായി കിടക്കുന്നു. രണ്ട് ബോട്ടുകളുടെയും പ്രവർത്തനത്തിനായി 10 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നിട്ടും അടിയന്തര സഹായത്തിനായി കേഴുന്ന മത്സ്യത്തൊഴിലാളികൾക്കു മുന്പിൽ തീരദേശ പൊലീസ് കൈമലർത്തുന്നു. മീൻ പിടിക്കാൻപോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്‌തിട്ട് ശനിയാഴ്‌ച 37 ദിവസമാകുന്നു. ജൂലൈ 31ന് രാവിലെ ആറിനാണ് ശക്തികുളങ്ങരയിൽ ഫൈബർ വള്ളം മറിഞ്ഞ് ചവറ പുത്തൻതുറ കടുവുങ്കൽ വീട്ടിൽ രാധാകൃഷ്‌ണൻ (49), ഭാര്യപിതാവ് പുത്തൻതുറ പൂമുഖത്തുവീട്ടിൽ രാജീവ് (74)എന്നിവർ മരിച്ചത്. രാജീവിന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു. അടുത്തദിവസം രാധാകൃഷ്‌ണന്റെ മൃതദേഹം ശക്തികുളങ്ങര ഹാർബറിന് കിഴക്കുമാറിയും കിട്ടി. എന്നാൽ, രാധാകൃഷ്‌ണന്റെ മകൻ ഗൗതം കൃഷ്‌ണ(26)നെ കണ്ടെത്തിയിട്ടില്ല. അപകടം നടന്നയുടനെയോ തുടർന്നുള്ള മണിക്കൂറുകളിലോ ഫലപ്രദമായ തിരച്ചിൽ നടത്തുന്നതിലെ ഗുരുതര വീഴ്‌ചയാണ് ഇതിനുകാരണം. ഗൗതമിന്റെ അമ്മ രേഷ്‌മ ഏഴാം ദിവസം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് തിരച്ചലിനു നേവിയുടെ കപ്പൽ ഉൾപ്പെടെ എത്താൻ നടപടി തുടങ്ങിയത്. എന്നിട്ടും കപ്പൽ എത്താൻ രണ്ടുദിവസം കൂടിയെടുത്തു. കടലിൽ മീന്‍പിടിത്തം നടത്തുന്നതിനിടെ തങ്കശേരി പ്ലാമൂട് പറമ്പിൽ ജാക്‌സൻ സ്വന്തം വള്ളത്തിൽ കുഴഞ്ഞു വീണതടക്കമുള്ള സംഭവങ്ങളിൽ ഉടൻ രക്ഷാപ്രവർത്തനം നടന്നിരുന്നങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇക്കാര്യത്തിൽ ഇടപെടുന്നതിൽ ജില്ലാ ഭരണകേന്ദ്രത്തിന് തുടർച്ചയായി ഗുരുതര വീഴ്‌ച സംഭവിച്ചു.








0 comments