ad
Deshabhimani

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പ്രിന്റിങ്‌: 10 ദിനാർ ഫീസ് ചുമത്തി കുവൈത്ത്‌

licence kuwait
വെബ് ഡെസ്ക്

Published on Apr 14, 2025, 05:58 PM | 1 min read

കുവൈത്ത് സിറ്റി : പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിനായി 10 ദിനാർ ഫീസ് ചുമത്തി കുവൈത്ത്‌. 1976-ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ ഭേദഗതി വരുത്തി 2025-ലെ 560–--ാം നമ്പർ മന്ത്രിസഭാ ഉത്തരവ് പ്രകാരമാണ് പുതിയ നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന്, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയെ നിയമം നടപ്പാക്കാൻ ചുമതലപ്പെടുത്തി. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.


ഇനിമുതൽ പ്രവാസികൾക്ക് ലൈസൻസ് പുതുക്കുന്നതിനോ, പുതുതായി നേടുന്നതിനോ 10 ദിനാർ പ്രിന്റിങ്‌ ഫീസ് ബാധകമായിരിക്കും. നിലവിലുള്ള മറ്റ് അപേക്ഷ, പുതുക്കൽ ഫീസുകളോടൊപ്പംതന്നെ ഈ പുതിയ ഫീസും ഈടാക്കും. ഇതിനായി, ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 204-ൽ പുതിയ ക്ലോസ് 59 ചേർത്തിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾക്കായി നിലവിലുള്ള ലൈസൻസ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികൾക്ക് മുമ്പ് മൂന്നുവർഷം മാത്രമുണ്ടായിരുന്ന ഡ്രൈവിങ് ലൈസൻസ് കാലാവധി ഇപ്പോൾ അഞ്ചു വർഷമാക്കി ഉയർത്തി. അതേസമയം, കുവൈത്തിൽ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും ലൈസൻസ് കാലാവധി 15 വർഷമായി നിശ്ചയിച്ചു. പൗരത്വരഹിത വിഭാഗത്തിൽപ്പെട്ട (ബെദൂൻ) വ്യക്തികൾക്ക് ലൈസൻസ് അവരുടെ താമസ രേഖയുടെ കാലാവധിയുടെ അടിസ്ഥാനത്തിലായിരിക്കും അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.


പുതിയ ഫീസും കാലാവധി മാറ്റവും ഗതാഗത രംഗത്ത് കഴിഞ്ഞ കാലത്ത് നടപ്പാക്കിയ നിർണായകമായ പരിഷ്‌കാരണങ്ങളിൽ ഒന്നാണ്. പ്രവാസികൾക്ക് ഇത് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുമെങ്കിലും, ഗതാഗത വകുപ്പിന്റെ സേവനങ്ങളിൽ പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിടുന്നതിന്റെ ഭാഗമാണിതെന്ന് അധികൃതർ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home