കുവൈത്തിൽ ഡീസൽ മോഷണസംഘം പിടിയിൽ; 41 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി : സർക്കാർ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും വാഹനങ്ങളിൽനിന്ന് ഡീസൽ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ 41 പേരെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 38 വാഹനങ്ങളും പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണ ശൃംഖല കണ്ടെത്തിയത്.
വിവിധ സ്ഥാപനങ്ങളിലെ ഡ്രൈവർമാർ തങ്ങളെ ഏൽപ്പിച്ച വാഹനങ്ങളിൽനിന്ന് തൊഴിലുടമകളറിയാതെ ഡീസൽ ഊറ്റിയെടുത്ത് അംഘാറയിലെ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇവിടെ പ്രത്യേക ടാങ്കുകളിൽ സൂക്ഷിച്ചശേഷം ഇന്ധനം വിവിധ പദ്ധതികൾക്ക് വിൽക്കുന്നതായിരുന്നു രീതി. ഡീസൽ ശേഖരിക്കാൻ ഉപയോഗിച്ച ടാങ്കറുകൾ കുവൈത്ത് പൗരൻ മാസം 1600 ദിനാറിന് വാടകയ്ക്ക് നൽകിയിരുന്നതായും കണ്ടെത്തി.
അനധികൃത പ്രവർത്തനത്തിനാണ് ടാങ്കറുകൾ ഉപയോഗിക്കുന്നതെന്ന് ഇയാൾക്ക് അറിവുണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. തുടർച്ചയായ നിരീക്ഷണത്തിനൊടുവിൽ വാഹനത്തിൽനിന്ന് ഡീസൽ ഊറ്റുന്നതിനിടെ പ്രധാന പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. പിന്നാലെ മോഷ-്‌ടിച്ച ഇന്ധനം വാങ്ങാനെത്തിയവരെയും അറസ്റ്റ് ചെയ്തു. ഡീസൽ മോഷണം, വിൽപ്പന, വാങ്ങൽ എന്നിവയിൽ പങ്കാളികളായവരും ഇവർക്കൊപ്പമുണ്ടായിരുന്നവരുമാണ് പിടിയിലായത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വാഹനങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.










0 comments