സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശിയെ കണ്ടെത്താനായില്ല; അന്വേഷിച്ച് വലഞ്ഞ് പൊലീസ്

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശിയെ മൂന്നാംദിവസവും പിടികൂടാൻ കഴിയാതെ പൊലീസ്. ഇയാൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. നഗരത്തിലെ പ്രധാനയിടങ്ങളിലും ലോഡ്‌ജുകളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധൻ രാത്രിയാണ് പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന് ഹദിയുള്ള ഖാൻ (31) രക്ഷപ്പെട്ടത്. നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും ഉടൻ പിടികൂടാൻ കഴിയുമെന്നും പൊലീസ് പറയുന്നു.
എറണാകുളം എസിപിയുടെ നേതൃത്വത്തിൽ 15 അംഗസംഘമാണ് കേസന്വേഷിക്കുന്നത്. ഇയാൾ രക്ഷപ്പെട്ടതിനെക്കുറിച്ച് വകുപ്പുതല അന്വേഷണവും തുടങ്ങി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. സ്റ്റേഷന്റെ ശൗചാലയ ജനൽവഴിയാണ് ഹദിയുള്ള ഖാൻ കടന്നത്. എഫ്ഐആർ രജിസ്റ്റർചെയ്ത് വിരലടയാളം പകർത്തുന്നതിനിടെ ശൗചാലയത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടു. ശൗചാലയത്തിൽ കയറിയ ഇയാൾ ജനൽപ്പാളിയിളക്കി സമീപത്തെ ക്ഷേത്രവളപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഹദിയുള്ള ഖാൻ ഉൾപ്പെടെ നഗരത്തിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്ന ആറംഗ ബംഗ്ലാദേശ് സംഘത്തെ ബുധൻ പുലർച്ചെ 3.30 ഓടെയാണ് പൊലീസ് പിടികൂടിയത്.









0 comments