കാർത്തുമ്പിയും മാണിക്യനും വീണ്ടുമെത്തുന്നു! ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1ന്

കൊച്ചി: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കാർത്തുമ്പിയും മാണിക്യനും വീണ്ടും പ്രേഷകർക്കരികിലേക്ക്. ഒക്ടോബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. 4K റീമാസ്റ്റർ ചെയ്ത പതിപ്പാണ് തിയറ്ററിലെത്തുക. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ എവർഗ്രീൻ സൂപ്പർഹിറ്റാണ്. വീണ്ടും ചിത്രം തിയറ്ററിലെത്തുമ്പോൾ ആവേശത്തിലാണ് പ്രേഷകർ.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങിയ അതുല്യ പ്രതിഭകളൊരുമിച്ച ചിത്രം ഇന്നും ക്ലാസിക്കാണ്. ഗ്രാമീണ പശ്ചാത്തലമൊരുക്കിയ ഈ ചിത്രം പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും ഒരേപോലെ കോർത്തിണക്കിയ മാസ്റ്റർപീസാണ്. എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും ഓരോ കഥാപാത്രവും സംഭാഷണങ്ങളും ഇന്നും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്നു.
പ്രസിദ്ധി ക്രിയേഷൻസും സൂര്യ സിനി ആർട്സും അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച മാറ്റിനീ നൗ ആണ് 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. പ്രസാദ് ലാബിൽ 8 Kയിൽ ആദ്യമായി സ്കാൻ ചെയ്ത കണ്ടന്റ് ആണ് 4 k സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്യുകയും, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുകയുമാണ് മാറ്റിനി നൗ ചെയ്തിരിക്കുന്നത്.









0 comments