Deshabhimani

ചെറിയ വണ്ടി, വലിയ ചരിത്രം: റോഡുകളുടെ രാജാവ് ലോകവേദിയിലും; മാരുതി 800ന് ഫിവ അവാർഡ്

maruti
വെബ് ഡെസ്ക്

Published on Nov 17, 2026, 10:09 AM | 1 min read

ന്യൂഡൽഹി: ഫിവ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് അവാർഡ് ലഭിക്കുന്ന ആദ്യത്തേതും ഏകവുമായ ഇന്ത്യൻ കാറായി മാരുതി 800. ദേശീയവും അന്തർദേശീയവുമായ വാഹന പൈതൃകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫിവ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് അവാർഡ് ലഭിച്ചത്. 1983ൽ ഹർപാൽ സിംഗ് എന്ന ഉപഭോക്താവിന് കൈമാറിയ 'DIA 6479' എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ആദ്യ മോഡലാണ് പുരസ്കാരത്തിന് അർഹമായത്.


യുഎസ്, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള 21 വാഹനങ്ങളുടെ പട്ടികയിലാണ് മാരുതി 800 ഇടംപിടിച്ചത്. ബ്രസ്സൽസിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം. യുനെസ്കോയുടെ നോൺ-ഗവൺമെന്റൽ പങ്കാളിയും ചരിത്രപ്രാധാന്യമുള്ള വാഹനങ്ങൾക്കായുള്ള അന്താരാഷ്ട്ര സംഘടനയുമാണ് ഫിവ.


1982ൽ ഇന്ത്യാ ഗവൺമെന്റും സുസുക്കി മോട്ടോർ കോർപ്പറേഷനും ചേർന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് സുസുക്കി ഇന്ത്യൻ വിപണിയിലെത്തിയത്. 1983 ഡിസംബറിലാണ് ആദ്യ മാരുതി 800 പുറത്തിറങ്ങിയത്. പ്രതിവർഷം 40,000 കാറുകൾ എന്ന നിലയിൽ തുടങ്ങിയ ഉൽപ്പാദനം പിന്നീട് 30 വർഷത്തിനുള്ളിൽ 29 ലക്ഷത്തിലധികം യൂണിറ്റുകളായി വളർന്നു.


ഇന്ത്യയുടെ വാഹന കയറ്റുമതിക്ക് തുടക്കമിട്ടതും മാരുതി 800 ആണ്. 1987-ൽ ഹംഗറി, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യ കയറ്റുമതി. ഇന്ന് 120-ലധികം രാജ്യങ്ങളിലായി പ്രതിവർഷം 4 ലക്ഷത്തിലധികം കാറുകൾ മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കി.


വളരെ ചെറിയ തോതിൽ തുടങ്ങിയ മാരുതി 800, ഇന്ന് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home