Deshabhimani

കെ എം ഷാജി വീണ്ടും പറക്കുന്നു; ഇത്തവണ റഷ്യയിലേക്ക്

KM SHAJI FLIGHT
വെബ് ഡെസ്ക്

Published on Nov 17, 2026, 10:04 AM | 2 min read

തിരുവനന്തപുരം: വിദേശയാത്രകളുടെ തിരക്കൊഴിയാതെ തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി. ഇത്തവണ റഷ്യയിലേക്കാണ്. നവംബർ 23, 24 തീയതികളിൽ മോസ്കോയിൽ നടക്കുന്ന ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026ൽ പങ്കെടുക്കാനാണ് യാത്ര. ഇതിനായി കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത ചെക്ക് റിപ്പബ്ലിക് സന്ദർശനത്തിന്റെ ചോദ്യങ്ങൾ ബാക്കിനിൽക്കെയാണ് മന്ത്രിയുടെ അടുത്ത വിദേശയാത്ര. വിദേശപര്യടനങ്ങൾ തുടർക്കഥയാക്കിയ യുഡിഎഫ് മന്ത്രിസഭയിൽ ഷാജിയുടെ യാത്രാപട്ടികയിലേക്ക് ഒരു രാജ്യംകൂടി ചേരുകയാണ്.


അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഹണിമൂണ്‍ യാത്രകള്‍ തുടരുകയാണ് മന്ത്രിമാര്‍. ഭരണത്തിരക്കിനേക്കാൾ വിദേശയാത്രകളുടെ തിരക്കിലാണിവര്‍. അനുമതിയില്ലാതെയുള്ള ഷാജിയുടെ ചെക്ക് റിപ്പബ്ലിക് സന്ദർശനം നേരത്തേ വലിയ കോലാഹലങ്ങൾക്ക് വഴിവച്ചിരുന്നു. സെപ്തംബർ 16 മുതൽ 26 വരെ നടത്തിയ യൂറോപ്യൻ പര്യടനത്തിനിടെയായിരുന്നു പ്രാഗിലേക്കുള്ള യാത്ര. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി തേടിയത്. എന്നാൽ അനുമതിപ്പട്ടികയിൽ ഇല്ലാത്ത ചെക്ക് റിപ്പബ്ലിക്കിലും ഷാജിയെത്തി. കൂട്ടിന് മദ്യവ്യാപാരിയായ ജോൺ സേവ്യറും തൊഴിൽതട്ടിപ്പ് കേസിലെ പ്രതി ടോം ജോസഫും. അനുമതിയില്ലാത്ത രാജ്യത്തെ സന്ദർശനവും മന്ത്രിയുടെ സഹയാത്രികരും വാർത്തയായെങ്കിലും വിദേശയാത്രകൾക്ക് ഇടവേള നൽകാൻ ഷാജിക്ക് ഉദ്ദേശ്യമില്ല. പ്രാഗ് കഴിഞ്ഞു, ഇനി മോസ്കോയിലേക്കാണ് യാത്ര.


ഒക്ടോബർ 13ന് നിയമസഭയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം അപ്പോഴേക്കും ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയിരുന്നു. ഇതിൽ പി സി വിഷ്ണുനാഥ് ഒഴികെയുള്ള എട്ടുപേരുടെയും യാത്ര സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു. കെ എം ഷാജിക്കുപുറമെ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, ഒ ജെ ജനീഷ്, ടി സിദ്ദിഖ്, ബിന്ദു കൃഷ്ണ, വി ഇ അബ്ദുൽ ഗഫൂർ, ഷിബു ബേബി ജോൺ എന്നിവരും വിദേശയാത്ര നടത്തിയവരുടെ പട്ടികയിലുണ്ട്. ഭരണച്ചുമതലകൾക്കിടയിൽ സ്വകാര്യ വിദേശയാത്രകൾക്കായി സമയം കണ്ടെത്തുന്നതിൽ മന്ത്രിമാർക്ക് ഒട്ടും പ്രയാസമില്ല.


ഇതിനുപിന്നാലെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, ചീഫ് വിപ്പ് അപ്പു ജോസഫ് എന്നിവരും വിവിധ രാജ്യങ്ങളിലേക്ക് പറന്നു.


മുൻ യാത്രകളിലെ സുതാര്യതയില്ലായ്മയും സ്പോൺസർഷിപ്പ് സംബന്ധിച്ച ചോദ്യങ്ങളും നിലനിൽക്കെയാണ് മന്ത്രിമാരുടെ ഈ തുടർച്ചയായ വിദേശസന്ദർശനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home