ദോഫാർ ചേംബർ ഓഫ് കൊമേഴ്‌സ് ഖനന മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്തു

സലാല : ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ഖനന കമ്പനികൾ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ദോഫാർ ബ്രാഞ്ച് ചെയർമാൻ ഷെയ്ഖ് നായിഫ് ബിൻ ഹമീദ് ഫാദിലിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘർഷങ്ങളും ഖനന മേഖലയെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം. പ്രധാനമായും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ, ചരക്ക് നീക്കത്തിനുള്ള ഉയർന്ന ഷിപ്പിംഗ് ചെലവുകൾ, ഇൻഷുറൻസ് തുകയിലുണ്ടായ വർധനവ്, ആഗോള വിപണിയിലെ അസ്ഥിരത എന്നിവ കമ്പനികളുടെ പ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നതായി യോഗം വിലയിരുത്തി. പ്രാദേശികമായ വെല്ലുവിളികൾക്കൊപ്പം ആഗോള സാമ്പത്തിക ഘടകങ്ങളും ഖനന വ്യവസായത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമാകുന്നതിനെക്കുറിച്ച് യോഗത്തിൽ പങ്കെടുത്ത കമ്പനി പ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി.
സലാല തുറമുഖം വഴിയുള്ള ഖനന കയറ്റുമതി പൂർണ്ണമായും നിർത്തിവെച്ചതും പ്രവർത്തന ചെലവിലുണ്ടായ ക്രമാതീതമായ വർധനവുമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യോഗം ചൂണ്ടിക്കാട്ടി. ഖനന മേഖലയെ പിന്തുണയ്ക്കുന്നതിനാവശ്യമായ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും യോഗത്തിൽ ഗൗരവമായ ചർച്ചകൾ നടന്നു. കമ്പനികൾ ഉന്നയിച്ച വിവിധ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഷെയ്ഖ് നായിഫ് ബിൻ ഹമീദ് ഫാദിൽ ഉറപ്പുനൽകി. ഖനന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഈ മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments