ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏജന്റിക് എഐയുമായി ദേവ

ദുബായ് : തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാകെ ഏജന്റിക് എഐ വിന്യസിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ). സർക്കാർ സേവനങ്ങളിൽ എഐ ഉപയോഗം വ്യാപിപ്പിക്കണമെന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിന്റെ ഭാഗമായാണ് നടപടി. ദേവയുടെ ഔദ്യോഗിക വെബ്സൈറ്റ്, സ്‌മാർട്ട് ആപ്, ജീവനക്കാർക്കായുള്ള സ്‌മാർട്ട് ഓഫീസ് ആപ്, വിവിധ ഡാഷ്ബോർഡുകൾ, ആഭ്യന്തര ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കിയത്.
സേവന രൂപകൽപ്പന, ഉപയോക്താക്കളുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തൽ, സേവനങ്ങളുടെ ഗുണനിലവാര നിരീക്ഷണം, ടെസ്റ്റിങ് സെന്റർ ഓഫ് എക്സലൻസ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. ഉൽപ്പാദന ഘട്ടത്തിൽ "ഏജന്റിക്' എഐ പ്രാവർത്തികമാക്കുന്ന ലോകത്തെ ആദ്യ പൊതു യൂട്ടിലിറ്റി സ്ഥാപനങ്ങളിലൊന്നായി ദേവ മാറിയെന്ന് അധികൃതർ വ്യക്തമാക്കി. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവന വിതരണം കൂടുതൽ വേഗത്തിലാക്കുക, ഉപയോക്താക്കൾക്കും മറ്റ് പങ്കാളികൾക്കും മികച്ച ഡിജിറ്റൽ അനുഭവം ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
2017-ൽ നിർമിത ബുദ്ധി അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റായ "റമ്മാസ്' അവതരിപ്പിച്ച ലോകത്തെ ആദ്യത്തെ പൊതു യൂട്ടിലിറ്റി സ്ഥാപനവും യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനവുമാണ് ദേവ. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും സേവനങ്ങൾ ലഭ്യമാക്കാനുമായി പ്രവർത്തിക്കുന്ന റമ്മാസ് 2017 മുതൽ 2026 ജൂൺ പകുതി വരെ വിവിധ ആശയവിനിമയ പ്ലാറ്റ്ഫോമുകളിലൂടെ 1.3 കോടിയിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്തതായി ദേവ അറിയിച്ചു.











0 comments