കേരളത്തിൽ മഴ കടുക്കുന്നു; വയനാട് അടക്കം ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഫയൽ ചിത്രം
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾ ഒഴികെ ബാക്കി എല്ലാ പ്രദേശങ്ങളിലും നിലവിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ ഇന്ന് രാവിലെ മുതൽ തന്നെ പലയിടങ്ങളിലും മഴ ശക്തമാണ്. വരും മണിക്കൂറുകളിലും നാളെയും വടക്കൻ കേരളത്തിൽ മഴ കൂടുതൽ കടുക്കുമെന്നാണ് പ്രവചനം. ഓറഞ്ച് അലേർട്ടുള്ള ജില്ലകളിൽ 204 മില്ലിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റ് ശക്തമായതും തീരദേശത്തിന് സമീപമുള്ള ന്യൂനമർദ പാത്തിയുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനത്താൽ കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണ്ടിവരും.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കിഴക്കൻ മധ്യപ്രദേശിനും പരിസരപ്രദേശങ്ങൾക്കും മുകളിലായി ശക്തികൂടിയ മറ്റൊരു ന്യൂനമർദ്ദ മേഖലയും നിലനിൽക്കുന്നുണ്ട്. ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ മഴ തുടരുമെന്നാണ് പ്രവചനം.











0 comments