ജുബൈൽ ഹൈവേയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

സജീം ഖാലിദ്, ശ്രീലേഷ് ലക്ഷ്മൺ
ദമാം : ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ് (45), കണ്ണൂർ കണ്ണപുരം ചുണ്ടവയൽ കണ്ടിവളപ്പിൽ ശ്രീലേഷ് ലക്ഷ്മൺ (42) എന്നിവരാണ് മരിച്ചത്. സജീം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശ്രീലേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമാമിനു സമീപം ദഹ്റാൻ - ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടത്തിലാണ് നടന്നത്.
ദമാമിൽ 20 വർഷത്തിലേറെയായി സ്വന്തമായി വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണ് സജീം. സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീലേഷ്. റാസ് തനൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് കഠിന പരിശ്രമം നടത്തിയാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും പുറത്തെടുത്തത്.
അർദ്ധരാത്രി കഴിഞ്ഞിട്ടും ഇരുവരും താമസസ്ഥലത്ത് എത്താതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഖത്തീഫ് പോലീസിൽ നിന്നും മരണവിവരം അറിയുന്നത്. ഇരുവരുടേയും മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സജീമിന്‍റെ മൃതദേഹം ദമാമിൽത്തന്നെ ഖബറടക്കും. ഭാര്യ : അഡ്വ റുഹാലത്ത്, ആദിൽ, ഹുസൈൻ, അമൽ എന്നിവരാണ് മക്കൾ.
സഹോദരന്റെ ചരമവാർഷികദിനത്തിലാണ് ശ്രീലേഷ് വിടപറഞ്ഞത് . നിയമനടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. കെ വി കനകലതയാണ് ശ്രീലേഷിന്റെ മാതാവ്.









0 comments