print edition സ്ഥിരം വിസി നിയമനത്തിന് ഗവർണർ

തിരുവനന്തപുരം: സെനറ്റ്, സിൻഡിക്കറ്റ് പുനഃസംഘടനയിലേക്ക് യുഡിഎഫ് സർക്കാർ നീങ്ങവെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് നീക്കവുമായി ഗവർണർ. എംജി, കാർഷിക സർവകലാശാലകളിൽ സംഘപരിവാർ അധ്യാപകരെ താൽക്കാലിക വിസിയാക്കിയ ഗവർണറുടെ നടപടിയിൽ കാര്യമായ പ്രതിഷേധത്തിന് യുഡിഎഫ് സർക്കാർ തയ്യാറല്ല.
ഗവർണറോട് ഗുസ്‌തി പിടിക്കാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെയടക്കം നിലപാട്. സംഘപരിവാർ– കോൺഗ്രസ് അനുകൂലികളെ ഉൾപ്പെടുത്തി വീതംവയ്‌പ്പ് ഉറപ്പാക്കിയാൽ സ്ഥിരം വിസി നിയമനം സുഗമമായി നടപ്പാക്കാമെന്നാണ് ലോക്‌ഭവന്റെ കണക്കുകൂട്ടൽ.
കലിക്കറ്റ്, ഡിജിറ്റൽ, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിൽ മാത്രമാണ് നിലവിൽ സ്ഥിരം വിസിമാർ. ചാൻസലറായ ഗവർണർക്കാണ് സ്ഥിരം വിസിമാരെ നിയമിക്കാൻ അധികാരം. യുജിസി മാനദണ്ഡപ്രകാരം വിസി നിയമനത്തിന് മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കണം.
യുജിസി, ചാൻസലർ, സർവകലാശാല പ്രതിനിധികളാണ് ഉൾപ്പെടുക. സെനറ്റാണ് സർവകലാശാല പ്രതിനിധികളെ തെരഞ്ഞെടുക്കുക. ചാൻസലറുടെ പ്രതിനിധിയെ സർക്കാരുമായി കൂടിയാലോചിച്ച് നിയമിക്കുന്നതാണ് കീഴ്‌വഴക്കം. ഏറ്റുമുട്ടലിനില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനാൽ കൂടിയാലോചനയ്‌ക്ക് ലോക്‌ഭവൻ തയ്യാറായേക്കും.










0 comments