ad
Deshabhimani

വായിച്ചറിഞ്ഞ കഥാപരിസരത്ത്‌ നേരിട്ടെത്തി കുരുന്നുകൾ

മാന്നാർ നാഷണൽ ഗ്രന്ഥശാലയുടെ പഠനയാത്ര സംഘം കുട്ടമ്പേരൂർ നാലേക്കാട്ട് കുടുംബം സന്ദർശിച്ചപ്പോൾ

മാന്നാർ നാഷണൽ ഗ്രന്ഥശാലയുടെ പഠനയാത്ര സംഘം കുട്ടമ്പേരൂർ നാലേക്കാട്ട് കുടുംബം സന്ദർശിച്ചപ്പോൾ

avatar
കെ സുരേഷ്​കുമാര്‍

Published on Jun 30, 2026, 01:35 AM | 1 min read

മാന്നാർ
കൊട്ടാരത്തിൽ ശങ്കുണ്ണി നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച ഐതിഹ്യമാലയിലെ കഥാപരിസരങ്ങളിലൂടെ പഠനയാത്ര സംഘടിപ്പിച്ച് മാന്നാർ നാഷണൽ ഗ്രന്ഥശാല. വായനപക്ഷാചരണത്തിന്റെ ഭാഗമായുള്ള യാത്രയാണ് നവ്യാനുഭവമായത്. ഐതിഹ്യമാലയിലെ 33–ാം കഥയിലാണ് യോഗീശ്വരന്മാരും തിരുവിതാംകൂർ രാജ്യത്തെ കണ്ടെഴുത്തുകാരും കണക്കപ്പിള്ളമാരുമായിരുന്ന നാലേക്കാട്ട് പിള്ളമാരെ കുറിച്ച് പരാമർശമുള്ളത്‌. കുട്ടമ്പേരൂരിലെ നാലേക്കാട്ട് കുടുംബത്തിലെ പിൻമുറക്കാരൻ അളഗയ്യ കുടുംബ ചരിത്രം വിശദീകരിച്ചുനൽകി. തുടർന്ന് 72–-ാ മത് കഥയായ കടമറ്റത്ത് കത്തനാർ, 91–ാമതായി ചേർത്തിട്ടുള്ള പനയനാർ കാവ് എന്നീ കഥകളിലെ സ്ഥലങ്ങളും നേരിട്ടറിഞ്ഞു. കഥയിൽ കടമറ്റത്ത് കത്തനാർ തൂശനിലയിൽ കയറി യക്ഷിയോടൊപ്പം നദിയുടെ മറുകരയെത്തിയ കടവും പനയനാർ കാവും സന്ദർശിച്ചു. നിരണത്ത് 15–-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദ്യ രാമായണ രചയിതാക്കളായ കണ്ണശ്ശ കവികളുടെ സ്മാരകത്തിലാണ്‌ യാത്ര സമാപിച്ചത്. സാഹിത്യകാരൻ മധു തൃപ്പെരുന്തുറ കഥാപരിസരം വിശദീകരിച്ചു. കണ്ണശ സ്മാരക ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. രവീന്ദ്രനാഥ്, ഗ്രന്ഥശാല പ്രസിഡന്റ്‌ ശശിധരൻ ആർ പിള്ള, സെക്രട്ടറി എൽ പി സത്യപ്രകാശ്, കമ്മിറ്റിയംഗം ടി എസ് ശ്രീകുമാർ, ലൈബ്രേറിയൻ വീണാ രാജീവ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home