കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ദിവസവും സർവീസ്; കുവൈത്ത് എയർവേയ്സും ജസീറയും പൂർണ പ്രവർത്തനത്തിൽ

കുവൈത്ത് സിറ്റി : കുവൈത്തിലെ ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും ഞായർതൽ പൂർണശേഷിയിൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് അധികൃതർ. ഇതോടെ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ ദിവസവും ലഭ്യമാകും. പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുങ്ങും.
കുവൈത്ത് എയർവേയ്സ് ടെർമിനൽ നാലിൽനിന്നാണ് സർവീസുകൾ നടത്തുക. ഇന്ത്യ, യൂറോപ്, ഗൾഫ്, ഏഷ്യൻ മേഖലകളിലായി 29 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളാണ് പൂർണ ഷെഡ്യൂൾ പ്രകാരം ക്രമീകരിച്ചിരിക്കുന്നത്. നേരത്തേ ഭാഗികമായി മാത്രമായിരുന്നു സർവീസുകൾ പുനഃരാരംഭിച്ചത്.
അതേസമയം, ജസീറ എയർവേയ്സ് ടെർമിനൽ അഞ്ചിൽനിന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സർവീസുകൾ നടത്തും. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 27 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളാണ് പഴയ രീതിയിൽ പുനഃരാരംഭിക്കുന്നത്. യാത്രക്കാർ പാർക്ക് ആൻഡ് ഫ്ലൈ ടെർമിനലിൽ കുറഞ്ഞത് നാലുമണിക്കൂർ മുമ്പെത്തി ചെക്ക് -ഇൻ നടപടി പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇരുവിമാനക്കമ്പനികളും പൂർണശേഷിയിൽ സർവീസുകൾ ആരംഭിക്കുന്നതോടെ കൊച്ചി, തിരുവനന്തപുരം സെക്ടറുകളിൽ നിലവിലുണ്ടായിരുന്ന, ആഴ്ചയിൽ മൂന്ന് സർവീസുകളുടെ നിയന്ത്രണം ഒഴിവായി. ഇതോടെ ടിക്കറ്റ് നിരക്കിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കുവൈത്ത് വ്യോമഗതാഗതമേഖല കഴിഞ്ഞയാണ് വീണ്ടും സജീവമായത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വ്യോമപാത അടച്ച സാഹചര്യത്തിൽ ഫെബ്രുവരി 28 മുതൽ നേരിട്ടുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ആദ്യം ജസീറ എയർവേയ്‌സും തൊട്ടുപിറകെ കുവൈത്ത് എയർവേയ്സും സർവീസുകൾ ഭാഗികമായി പുനഃരാരംഭിച്ചു.
ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 13 പ്രധാന നഗരങ്ങളിലേക്കാണ് കുവൈത്ത് എയർവേയ്സ് സർവീസുകൾ ആരംഭിച്ചത്. അതേസമയം, വിമാനത്താവളം പ്രവർത്തനം പുനഃരാരംഭിച്ചതോടെ ആഭ്യന്തര മന്ത്രാലയം കർശന സുരക്ഷാക്രമീകരണം നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സുതാര്യമായ ഗതാഗതവും ഉറപ്പാക്കാനായി സമഗ്ര സുരക്ഷാ പദ്ധതി പ്രാബല്യത്തിൽ വന്നതായി മന്ത്രാലയ ഉപസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ -വാഹിബ് അറിയിച്ചിരുന്നു.










0 comments