ബാങ്ക് ഓഫ് ബറോഡയിൽ സൈബർ സുരക്ഷാ ആശങ്ക; ഉപഭോക്തൃ വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ടിൽ അന്വേഷണം

ദുബായ് : ഇന്ത്യയുടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലെ ഉപഭോക്തൃ വിവരങ്ങളും ആഭ്യന്തര രേഖകളും ചോർന്നെന്ന റിപ്പോർട്ടിനെ തുടർന്ന് സൈബർ സുരക്ഷാ ലംഘനം സംബന്ധിച്ച് ബാങ്ക് അന്വേഷണം ആരംഭിച്ചു. സംഭവം രാജ്യത്തെ ബാങ്കിങ് മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.
ആദ്യഘട്ട റിപ്പോർട്ടുകളിൽ ഒരു ടെറാബൈറ്റ് വരെ വിവരങ്ങൾ ചോർന്നതായി പ്രചരിച്ചിരുന്നെങ്കിലും ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനത്തിന് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഒരു ജീവനക്കാരന്റെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്നാണ് വിവരച്ചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫോറൻസിക് അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് അന്വേഷണം തുടരുകയാണെന്നും ബാങ്ക് അറിയിച്ചു.
സൈബർ സുരക്ഷാ ഗവേഷകനും കാഷ്‌ലെസ് കൺസ്യൂമർ എന്ന ഉപഭോക്തൃ സംരക്ഷണ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനുമായ ശ്രീകാന്ത് ലക്ഷ്മണൻ ഡാർക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഡാറ്റാസെറ്റ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം 700 ജിബിയിലധികം വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് സൂചന. ചില സൈബർ സുരക്ഷാ റിപ്പോർട്ടുകളും ഓൺലൈൻ പോസ്റ്റുകളും ഇത് ഒരു ടിബി വരെയാകാമെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഡാറ്റാസെറ്റിൽ ഉൾപ്പെട്ട ചില രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷമാണ് ബാങ്കിനെയും ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചതെന്ന് ശ്രീകാന്ത് ലക്ഷ്മണൻ വ്യക്തമാക്കി. ഉപഭോക്തൃ വിവരങ്ങളും ബാങ്കിന്റെ ആഭ്യന്തര രേഖകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതായി സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.










0 comments