ad
Deshabhimani

വ്യാജ ജോലി പരസ്യത്തിലൂടെ സൈബർ തട്ടിപ്പ് വ്യാപകം

cyber fraud crime
വെബ് ഡെസ്ക്

Published on May 24, 2026, 12:11 PM | 1 min read

ദുബായ്: പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രമുഖ കമ്പനികളുടെയും എയർലൈനുകളുടെയും പേരിൽ വ്യാജ ജോലി പരസ്യങ്ങൾ നൽകി സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോർട്ട്‌. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്‌. വ്യാജ റിക്രൂട്ടർമാരായി നടിച്ച് ജോലി വാഗ്‌ദാനം ചെയ്യുന്നതിലൂടെ ഉദ്യോഗാർഥികളുടെയും ജീവനക്കാരുടെയും കംപ്യൂട്ടർ, മൊബൈൽ ഫോണുകൾ എന്നിവയിൽ മാൽവെയർ കടത്തിവിടുന്ന രീതിയാണ് ഹാക്കർമാർ സ്വീകരിക്കുന്നത്. വ്യോമയാന മേഖല, എണ്ണ-വാതക കമ്പനികൾ, സോഫ്റ്റ്‌വെയർ മേഖല എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സൈബർ സുരക്ഷാ ഏജൻസിയായ പാലോ ആൾട്ടോ നെറ്റ്‌വർക്കിന്റെ ഗവേഷകർ അറിയിച്ചു.


അമേരിക്ക, ഇസ്രയേൽ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കൊപ്പം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെയും ഹാക്കർ സംഘങ്ങൾ ലക്ഷ്യമിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാർഥ കമ്പനികളുടെ പ്രൊഫൈലുകൾക്ക്‌ സമാനമായ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ്. ഉയർന്ന ശമ്പളവും ആകർഷകമായ ജോലി ഓഫറുകളും മുന്നോട്ടുവച്ച് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുന്നതാണ് ആദ്യഘട്ടം. തുടർന്ന് ഇന്റർവ്യൂവിന്റെ പേരിൽ വീഡിയോ കോൺഫറൻസ്‌ ലിങ്കുകളോ സോഫ്റ്റ്‌വെയറുകളോ അയച്ചുനൽകും. ഇവയ്ക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന മാൽവെയർ കോഡുകൾ വഴി കംപ്യൂട്ടറുകളുടെയും മൊബൈൽ ഉപകരണങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി വിമാനയാത്രാവിവരങ്ങൾ, ഊർജ മേഖല സംബന്ധിച്ച രഹസ്യ ഡാറ്റകൾ തുടങ്ങിയവ ചോർത്താനാണ് ശ്രമമെന്ന് ഗവേഷകർ വ്യക്തമാക്കി.


അപരിചിതരായ റിക്രൂട്ടർമാർ അയക്കുന്ന ലിങ്കുകൾ തുറക്കാതിരിക്കുക, കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം ജോലി അവസരം പരിശോധിക്കുക, സംശയാസ്‌പദമായ ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home