കുവൈത്തിൽ മന്ത്രിസഭയുടെ അനുമതിയില്ലാതെ കൺസൾട്ടൻസി കരാറുകൾ പാടില്ല

കുവൈത്ത് സിറ്റി : മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ സർക്കാർ മന്ത്രാലയങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ കൺസൾട്ടൻസി കമ്പനികളുമായി കരാറുകളിൽ ഏർപ്പെടരുതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് കർശന നിർദേശം നൽകി.
സർക്കാർ കരാറുകളിൽ കൂടുതൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുന്നതിന്റെയും പൊതുപണം കാര്യക്ഷമമായി വിനിയോഗിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. ഇനി മുതൽ കൺസൾട്ടൻസി സ്ഥാപനങ്ങളുമായുള്ള എല്ലാ കരാറുകൾക്കും മന്ത്രിസഭയുടെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം, മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, ജിസിസി–അമേരിക്ക വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ ഫലങ്ങൾ എന്നിവയും അവലോകനംചെയ്തു. വിവിധ മന്ത്രിസഭാ സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകളും ശുപാർശകളും ചർച്ച ചെയ്ത മന്ത്രിസഭ ചില നിർദേശങ്ങൾക്ക് അംഗീകാരം നൽകുകയും മറ്റു വിഷയങ്ങൾ തുടർപഠനത്തിനായി ബന്ധപ്പെട്ട സമിതികൾക്ക് കൈമാറുകയുംചെയ്തു.











0 comments