കരളുപങ്കിടാൻ കഴിയുമെൻ ‘ഹൃദയമേ’...; മാനവസ്നേഹത്തിന്റെ മാതൃകയായി ഡിവൈഎഫ്ഐ നേതാവ്

പ്രേംശങ്കർ അന്തിക്കാട്
കെ എ നിധിൻ നാഥ്
Published on Jul 02, 2026, 03:56 PM | 1 min read
തൃശൂർ: കരളു പങ്കിടാൻ രക്തബന്ധം വേണോ?.. "വേണ്ട... മനുഷ്യബന്ധംമാത്രം മതി'.. ജീവന്റെ തുടിപ്പിനായി തന്റെ പാതി കരളും പകുത്തു നൽകി മനുഷ്യസ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്‌ടിക്കാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കർ അന്തിക്കാട്.
സ്വന്തമോ ബന്ധമോ അല്ലാതിരുന്നിട്ടും കരൾ പകുത്തുനൽകാൻ തയ്യാറായപ്പോൾ പ്രേം ശങ്കർ ഓർത്തത് സ്വന്തം അമ്മയെ. ‘ഈ കാര്യം മുന്നിൽ വന്നപ്പോൾ എനിക്കെന്റെ അമ്മയെയായിരുന്നു ഓർമ വന്നത്. അന്ന് ഇങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ അമ്മ ജീവിച്ചിരുപ്പുണ്ടാകുമായിരുന്നു. ഉള്ളിൽ എന്റെ അമ്മയുണ്ട്, കൂടെ എന്റെ പാർടിയുണ്ട്. ചുറ്റും മനുഷ്യരുമുണ്ട്’– പ്രേംശങ്കർ പറയുന്നു.
പ്രേംശങ്കറിന്റെ അമ്മ കരൾ രോഗം ബാധിച്ചാണ് മരിച്ചത്. അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയ വിങ്ങലിന് ആശ്വാസം കണ്ടെത്തുകകൂടിയാണ് കരൾദാനത്തിലൂടെ. ‘എന്റെ മുന്നിൽ ഒരവസരം വന്നു, മനുഷ്യൻ എന്ന രീതിയിൽ ഞാനത് ചെയ്യേണ്ടതാണെന്ന് തോന്നി. അതുകൊണ്ട് തീരുമാനിച്ചു’– കരൾ പകുത്ത് നൽകാൻ തീരുമാനിച്ചതിനെകുറിച്ച് പ്രേംശങ്കർ പറഞ്ഞു. രക്തഗ്രൂപ്പ് വ്യത്യസ്തമായതിനാലും ശാരീരിക പ്രശ്നങ്ങളും കാരണം രോഗിയുടെ ബന്ധുക്കൾക്ക് അവരുടെ കരൾ നൽകാൻ കഴിയാതെ വന്നു. ആ ഘട്ടത്തിലാണ് ജീവൻ രക്ഷിക്കാൻ പ്രേംശങ്കർ തയ്യാറായത്. നിലവിലെ നിയമങ്ങൾ അനുസരിച്ച് രക്തബന്ധമില്ലാത്തവർക്ക് അവയവദാനത്തിന് കടമ്പകളേറെയുണ്ടായിരുന്നു. അതെല്ലാം താണ്ടി, കരൾ നൽകുന്നതിന് ശസ്‌ത്രക്രിയ്ക്കുള്ള ‘കെസോട്ടോ' അംഗീകാരത്തിനായി കാത്തിരിപ്പിലാണ്.
കരൾ നൽകുന്നതിനുള്ള ശാരീരിക ക്ഷമത കൈവരിക്കാനുണ്ടായിരുന്നു. 9.7ശതമാനം ഫാറ്റി ലിവർ ഉണ്ടായിരുന്നത് വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ക്രമീകരിച്ചു. നാല് കിലോ ഭാരവും കുറച്ചു. കരൾ കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അത് വേണമോ എന്ന പരിഭ്രമിച്ചവരോട് ‘സാരമില്ല, ഇതൊരു ജീവന്റെ കാര്യമാണ്’ എന്നാണ് പ്രേംശങ്കർ പറഞ്ഞത്.
‘പ്രേംശങ്കറിന്റെ ഉള്ളിലെ മനുഷ്യനും സഖാവും ഇതിലും ഭംഗിയായി മറ്റെന്ത് ചെയ്യാനാണ്’ എന്നായിരുന്നു പങ്കാളി രതിക തിലകിന്റെ വാക്കുകൾ. എഴുത്തുകാരൻകൂടിയായ പ്രേംശങ്കർ, ദി ലാസ്റ്റ് പെർഫോമൻസ്, ബാക്കിവച്ചൊരുതുള എന്നീ കവിതാ സമാഹരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.











0 comments