ad
Deshabhimani

കടൽക്കൊള്ളക്കാരുടെ ആക്രമണം തകർത്ത് ഇന്ത്യൻ നാവികസേന; 'ഐഎൻഎസ് ത്രികണ്ഡ്' ഇന്ത്യയിലേക്ക്

INS trikand.jpg

ഐഎൻഎസ് ത്രികണ്ഡ്

വെബ് ഡെസ്ക്

Published on Jul 02, 2026, 04:44 PM | 1 min read

ന്യൂഡൽഹി: ഏദൻ ഗൾഫിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ കടൽക്കൊള്ളക്കാരുടെ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ 'ഐഎൻഎസ് ത്രികണ്ഡ്'. ബുധനാഴ്ച രാത്രിയാണ് സംഭവം.


ആക്രമണത്തിന് ഇരയായ 'എംവി ഗോൾഡൻ ആഴ്സണൽ' എന്ന ചരക്കുകപ്പലിൽ ഒരു ഇന്ത്യൻ ജീവനക്കാരനും ഉണ്ടായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.


കടൽക്കൊള്ളക്കാർ കപ്പൽ വളഞ്ഞതോടെ ജീവനക്കാർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുകയും എമർജൻസി ചാനൽ വഴി അടിയന്തര സഹായ സന്ദേശം അയക്കുകയുമായിരുന്നു.


ഈ മേഖലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാവികസേനയുടെ കടൽക്കൊള്ള വിരുദ്ധ സേന സന്ദേശത്തോട് അതിവേഗം പ്രതികരിക്കുകയും യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു. ഐഎൻഎസ് ത്രികണ്ഡ് കപ്പലിന് അടുത്തേക്ക് വരുന്നത് കണ്ടതോടെ കൊള്ളക്കാർ കടന്നുകളയുകയായിരുന്നു.


തുടർന്ന് നാവികസേനയുടെ പ്രത്യേക കമാൻഡോ വിഭാഗമായ 'മാർക്കോസ്' ചരക്കുകപ്പലിൽ കയറി ആയുധധാരികളായ അക്രമികൾ ആരും ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധന നടത്തി. ജീവനക്കാരുടെ ആരോഗ്യനില പരിശോധിച്ച ശേഷം കപ്പലിന് സുരക്ഷിതമായി യാത്ര തുടരാൻ നാവികസേന അവസരമൊരുക്കി.


ഈ വർഷം ജൂൺ 19-നും സമാനമായ രീതിയിൽ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് 'എംവി ഫരീദ 5' എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ ശ്രമം ഐഎൻഎസ് ത്രികണ്ഡ് പരാജയപ്പെടുത്തിയിരുന്നു.


നാവികസേനയുടെ സമയോചിതമായ ഇടപെടലാണ് അന്നും കപ്പലിന് രക്ഷയായത്. മേഖലയിലെ പ്രഥമ സുരക്ഷാ പങ്കാളി എന്ന നിലയിൽ ചരക്കുകപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും കടൽക്കൊള്ള തടയാനും ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.


മേയ് 27-നും 'ഐഎൻഎസ് കൊൽക്കത്ത' എന്ന യുദ്ധക്കപ്പൽ 'എംവി മാഷല്ല 1' എന്ന കപ്പലിന് നേരെയുണ്ടായ സമാനമായ ആക്രമണശ്രമം വിജയകരമായി പ്രതിരോധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home