മൂന്ന് ദിവസം ബാക്കപ്പ് നൽകുന്ന 7,000mAh ബാറ്ററിയുമായി മോട്ടറോള; ‘മോട്ടോ ജി77 പവർ’ ഇന്ത്യയിലേക്ക്

മോട്ടറോള മോട്ടോ ജി77 പവർ ഫോൺ |Photo:Motorola
ന്യൂഡൽഹി : പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ജി-സീരീസ് ഫോണായ 'മോട്ടോ ജി77 പവർ' ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ജൂലൈ 8 ന് ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 7,000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയും 50 മെഗാപിക്സൽ പ്രധാന ക്യാമറയുമുള്ള ഈ സ്മാർട്ട്ഫോൺ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഇന്ത്യയിൽ ഈ ഫോണിന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് കമ്പനി വെബ്സൈറ്റിലെ ഔദ്യോഗിക ടീസർ പേജ് വ്യക്തമാക്കുന്നു.
ബ്ലാക്ക്, ബ്ലൂ, റെഡ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന മോട്ടോ ജി77 പവറിന് വേഗൻ ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. പാൻടോൺ ക്യൂറേറ്റ് ചെയ്ത നിറങ്ങളിലാണ് ഈ മോഡലുകൾ എത്തുന്നത്. ഡിസ്പ്ലേയുടെ മധ്യഭാഗത്തായി പഞ്ച്-ഹോൾ കട്ടൗട്ട് നൽകിയിട്ടുണ്ട്. 120Hz റീഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ബാക്കപ്പ് നൽകാൻ ഇതിലെ 7,000mAh വമ്പൻ ബാറ്ററിക്ക് സാധിക്കുമെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, സോണി ലൈറ്റിയ-600 (Sony Lytia-600) സെൻസറോട് കൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്നതാണ് ഇതിന്റെ റിയർ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. കടുത്ത സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കറ്റോട് കൂടിയ കരുത്തുറ്റ ബോഡിയാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹെല്ലോ യുഐ (Hello UI) അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് ആൻഡ്രോയിഡ് 17 അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 6400 പ്രൊസസറുമായി മോട്ടോ G77 ഈ വർഷം ആദ്യം ആഗോള വിപണിയിൽ എത്തിയിരുന്നു. ഏകദേശം 31,700 രൂപ (250 ജിബിപി) വിലയുണ്ടായിരുന്ന ആഗോള വേരിയന്റിൽ 5,200mAh ബാറ്ററിയും 108 മെഗാപിക്സൽ പ്രധാന ക്യാമറയുമാണ് നൽകിയിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ 'പവർ' എഡിഷനിൽ കൂടുതൽ വലിയ ബാറ്ററിയും വ്യത്യസ്തമായ ക്യാമറ ഫീച്ചറുകളുമാണ് മോട്ടറോള ഒരുക്കിയിരിക്കുന്നത്.











0 comments