ad
Deshabhimani

ടിക് ടോക്ക് ലൈവിൽ ചുംബിച്ച ഇന്തോനേഷ്യൻ യുവതിക്കും യുവാവിനും പരസ്യമായി ചൂരൽ അടി ശിക്ഷ

caned
വെബ് ഡെസ്ക്

Published on Jul 02, 2026, 04:36 PM | 1 min read

ജക്കാർത്ത: ടിക് ടോക് ലൈവ് സ്ട്രീമിംഗിനിടെ പരസ്പരം ചുംബിച്ചവർക്ക് ഇസ്ലാമിക നിയമപ്രകാരം (ശരിയത്ത്) പരസ്യമായി ചൂരലടി ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം. 22 വയസുള്ള യുവാവിനെയും 25 വയസുള്ള യുവതിയെയുമാണ് വിവാഹിതരാകാതെ ചുംബിച്ചതിന് 21 തവണ വീതം ചൂരൽ കൊണ്ട് പരസ്യമായി അടിക്കാൻ കോടതി ഉത്തരവിട്ടത്. ബന്ദ ആച്ചെയിലെ ബുസ്താനുസ്സലാറ്റിൻ സിറ്റി പാർക്കിൽ വെച്ച് നൂറിലധികം ആളുകളുടെ മുന്നൽവച്ചാണ് ശിക്ഷാ നടപ്പിലാക്കിയത്.


2026 ഫെബ്രുവരി 27ന് ഒരു കാറിനുള്ളിൽ വെച്ച് ഇവർ ചുംബിക്കുന്നതിന്റെ ലൈവ് സ്ട്രീം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന്, ഏപ്രിലിലാണ് പ്രാദേശിക ശരിയ അധികാരികൾ ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും 25 ചാട്ടവാറടി വീതമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ, അവർ ഇതിനകം നാല് മാസം ജയിലിൽ കഴിഞ്ഞതിനാൽ അത് 21 അടിയായി കുറയ്ക്കുകയായിരുന്നു.


കേസിൽ തെളിവായി ഉപയോഗിച്ച മൊബൈൽ ഫോണും യുഎസ്ബി ഫ്ലാഷ് ഡ്രൈവും നശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇവർക്ക് പുറമെ ഓൺലൈൻ ചൂതാട്ടം, വ്യഭിചാരം എന്നിവയ്ക്ക് മറ്റ് നാല് പേർക്കും പരസ്യമായി ചൂരൽ ശിക്ഷ നൽകി. മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. 2006ൽ വിഘടനവാദ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇവർക്ക് പ്രത്യേക അവകാശം നൽകിയത്.


2015 മുതൽ ഈ പ്രവിശ്യയിലെ മുസ്ലീം ഇതര മതസ്ഥർക്കും (ഏകദേശം 1%) ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. വ്യഭിചാരം, സ്വവർഗ ലൈംഗികത എന്നിവയ്ക്ക് 100 ചാട്ടവാറടി വരെയും, ചൂതാട്ടം, മദ്യപാനം, ഇറുകിയ വസ്ത്രം ധരിക്കൽ, വെള്ളിയാഴ്ച പ്രാർഥന ഒഴിവാക്കൽ എന്നിവയ്ക്കും ഈ നിയമപ്രകാരം ശിക്ഷ ലഭിക്കാം. പരസ്യമായ ചൂരലടി ക്രൂരവും മനുഷ്യത്വരഹിതവും മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്നതുമായ മനുഷ്യാവകാശ ലംഘനമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്തോനേഷ്യ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home