ഖമനേയിയുടെ വിലാപയാത്ര; ഇന്ത്യയിൽ നിന്ന് ഉന്നത പ്രതിനിധി സംഘം പങ്കെടുക്കും

യുഎസ് - ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ചിത്രം പതിച്ച പരസ്യബോർഡ് | Photo by - AFP
ന്യൂഡൽഹി : ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്ര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രിയും ബിഹാർ ഗവർണറും പങ്കെടുക്കും. ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിത എന്നിവർ ജൂലൈ 3ന് ഇറാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക - ചരിത്രപരമായ ബന്ധങ്ങൾക്കും രാഷ്ട്രീയ - സാമ്പത്തിക ഇടപെടലുകൾക്കും ഈ ഉന്നതതല പങ്കാളിത്തം ശക്തമായ അടിത്തറ നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. 36 വർഷക്കാലം ഇറാനെ നയിക്കുകയും വാഷിംഗ്ടണിന്റെ കടുത്ത വിമർശകനായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വമാണ് ഖമേനി. ഗൾഫ് മേഖലയെ വൻ പ്രതിസന്ധിയിലാക്കിയ പ്രാദേശിക യുദ്ധത്തിന് വഴിതുറന്നത് ഇറാനെതിരെ യുഎസ് - ഇസ്രയേൽ സഖ്യം നടത്തിയ ഈ കടന്നാക്രമണമാണ്.
ഖമേനിയുടെ ഔദ്യോഗിക വിലാപയാത്ര ചടങ്ങുകൾ ജൂലൈ 4ന് തലസ്ഥാനമായ തെഹ്‌റാനിൽ ആരംഭിക്കും. തുടർന്ന് ജൂലൈ 9ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കൻ പുണ്യനഗരവുമായ മഷാദിൽ നടക്കുന്ന ഖബറടക്കത്തോടെ ചടങ്ങുകൾ സമാപിക്കും.











0 comments