ad
Deshabhimani

യൂസർനെയിം ഫീച്ചർ നിർബന്ധമല്ല, തട്ടിപ്പുകൾ തടയാൻ കർശന സുരക്ഷ; കേന്ദ്രത്തിന് വിശദീകരണവുമായി വാട്സാപ്പ്

Whatsapp.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 04:02 PM | 2 min read

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനിരിക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചറിനെക്കുറിച്ച് വിശദമായ വിശദീകരണവുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ഫീച്ചർ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കാനും ഓൺലൈൻ തട്ടിപ്പുകൾക്കും 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ആശങ്കകൾക്ക് മറുപടിയായാണ് വാട്സാപ്പ് വിശദമായ എഫ്എക്യു പുറത്തുവിട്ടത്.


കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ച് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ ഈ നീക്കം. ഇന്ത്യയിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ രാജ്യത്ത് പുറത്തിറക്കരുതെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകിയിരുന്നു.


പുതിയ ഫീച്ചർ പൂർണ്ണമായും ഉപയോക്താക്കളുടെ വ്യക്തിപരമായ താല്പര്യത്തിന് അനുസരിച്ചുള്ളതാണെന്നും നിലവിലുള്ള ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടുകൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും വാട്സാപ്പ് വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേതുപോലെ വാട്സാപ്പിൽ ആർക്കും മറ്റൊരാളുടെ യൂസർനെയിം പരസ്യമായി സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയില്ല.


അപരിചിതർ അനാവശ്യമായി കോൺടാക്റ്റ് ചെയ്യുന്നത് തടയാൻ ഇത് സഹായിക്കും. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി 'യൂസർനെയിം കീ' എന്ന അധിക ഫീച്ചറും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളെ കോൺടാക്റ്റ് ചെയ്യണമെങ്കിൽ അവരുടെ യൂസർനെയിമും അതോടൊപ്പം ഈ പ്രത്യേക സുരക്ഷാ കീയും അറിഞ്ഞിരിക്കണം.


ഈ കീ എപ്പോൾ വേണമെങ്കിലും ഉപയോക്താവിന് റീസെറ്റ് ചെയ്യാനും സാധിക്കും. കൂടാതെ, അപരിചിതരിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുമ്പോൾ അയച്ചയാളുടെ രാജ്യം, അക്കൗണ്ട് പുതിയതാണോ, ഏതെങ്കിലും കോമൺ ഗ്രൂപ്പുകളിൽ അംഗമാണോ തുടങ്ങിയ വിവരങ്ങളും വാട്സാപ്പ് കാണിക്കും. പ്രമുഖ വ്യക്തികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുമോ എന്ന ആശങ്കയും വാട്സാപ്പ് തള്ളി.


പൊതുപ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവർക്കായി ജനപ്രിയ യൂസർനെയിമുകൾ മുൻകൂട്ടി മാറ്റിവെക്കും. ആർക്കും പ്രമുഖരുടെ പേരിൽ യൂസർനെയിം സ്വന്തമാക്കാനാകില്ലെന്നും യഥാർത്ഥ ഉടമകൾക്ക് മാത്രമേ വെരിഫൈഡ് പേരുകൾ ലഭിക്കൂ എന്നും കമ്പനി വ്യക്തമാക്കി.


ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ഈ ഫീച്ചർ പുറത്തിറക്കാനാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഉപയോക്താക്കളുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും തട്ടിപ്പുകാരെ കണ്ടെത്താൻ അക്കൗണ്ട് ബ്ലോക്കുകളും റിപ്പോർട്ടുകളും കർശനമായി നിരീക്ഷിക്കുമെന്നും വാട്സാപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home