ആപ് വഴിയുള്ള പണമിടപാട്; ദിവസ പരിധി കുറച്ച് കമ്പനികൾ

കുവൈത്ത് സിറ്റി : ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയുള്ള പണമിടപാടുകൾക്ക് നിയന്ത്രണം കടുപ്പിച്ച് കുവൈത്തിലെ ധനവിനിമയ കമ്പനികൾ. ഓൺലൈൻ വഴിയുള്ള പണമിടപാട് പരിധി ചില കമ്പനികൾ ദിവസം 2500 ദിനാറായി കുറച്ചു. നേരത്തേ, ചില കമ്പനികളിൽ 10,000 ദിനാർവരെ പണമയക്കാൻ സൗകര്യമുണ്ടായിരുന്നു. മറ്റു ചില കമ്പനികൾ ദിവസം 3000 ദിനാറായാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
പൗരന്മാർക്കും പ്രവാസികൾക്കും പുതിയ നിയന്ത്രണം ബാധകമാണ്. സാമ്പത്തിക ഇടപാടുകളിലെ നിരീക്ഷണം ശക്തമാക്കാനും തട്ടിപ്പുകളും അനധികൃത പണമിടപാടുകളും തടയാനുമാണ് നടപടി. നിശ്ചിത പരിധിക്ക് മുകളിലുള്ള തുക അയക്കുന്നവരിൽനിന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ടേക്കും. ഉപയോക്താവിന്റെ വരുമാനവും സാമ്പത്തിക പശ്ചാത്തലവും കൈമാറുന്ന തുകയുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഉയർന്ന തുകയ്‌ക്കുള്ള ഇടപാടുകൾ അനുവദിക്കുക.
ഓൺലൈൻ ഇടപാടുകളിലെ തിരിച്ചറിയൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ‘മൈ ഐഡന്റിറ്റി’ വഴിയുള്ള സ്ഥിരീകരണത്തിനുപുറമെ അധിക സുരക്ഷ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ആപ്ലിക്കേഷനുകൾ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചത്. ധനവിനിമയ കമ്പനികളുടെ ശാഖകളിൽ നേരിട്ടെത്തി നടത്തുന്ന ഇടപാടുകളിൽ ഉപയോക്താവിന്റെ തിരിച്ചറിയൽ, പണമിടപാടിന്റെ ഉദ്ദേശ്യം, അനുബന്ധ രേഖകൾ എന്നിവ ജീവനക്കാർക്ക് നേരിട്ട് പരിശോധിക്കാനാകും. ഇതുവഴി അനധികൃത ഇടപാടുകളുടെ സാധ്യത കുറയ്‌ക്കാനാകുമെന്നാണ് വിലയിരുത്തൽ.
നേരത്തേ, കറൻസി വാങ്ങൽ, വിൽപ്പന ഉൾപ്പെടെയുള്ള പണമായുള്ള ഇടപാടുകളുടെ പ്രതിദിന പരിധി സെൻട്രൽ ബാങ്ക് ഒരാൾക്ക് 3000 ദിനാറിൽനിന്ന് 1000 ദിനാറായി കുറച്ചിരുന്നു. ചില വിനിമയ കമ്പനികൾ 3000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധമാക്കി. മറ്റു ചിലർ 1500 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്കും ഇത് ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ഇടപാടുകളും തടയുന്നതിനൊപ്പം ഉപയോക്താക്കളുടെയും രാജ്യത്തെ സാമ്പത്തിക സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ശക്തമാക്കുന്നത്.










0 comments