കല മലയാളം ക്ലാസ് സെപ്തംബർ ആദ്യവാരം തുടങ്ങും

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് മലയാളം സ്‌കൂളിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്തംബർ ആദ്യവാരം ആരംഭിക്കും. മലയാളം മിഷനുമായി സഹകരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. കല കുവൈത്ത് സംഘടിപ്പിച്ച സൗജന്യ അവധിക്കാല മാതൃഭാഷാ ക്ലാസുകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കാണ് തുടർപഠനത്തിന് അവസരം.
മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളെ അടിസ്ഥാനമാക്കിയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. ഭാഷാപഠനത്തിനൊപ്പം കുട്ടികളിൽ മലയാള ഭാഷയോടും കേരളീയ സംസ്‌കാരത്തോടുമുള്ള അടുപ്പം വളർത്താനും ലക്ഷ്യമിടുന്നു. മൂന്നര പതിറ്റാണ്ടായി മാതൃഭാഷാരംഗത്ത് പ്രവർത്തിക്കുന്ന കല കുവൈത്ത്, മലയാളം മിഷനുമായി സഹകരിച്ച് കഴിഞ്ഞ ഒമ്പതുവർഷമായി കുവൈത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം വിവിധ മേഖലകളിലായി 77 സൗജന്യ അവധിക്കാല മാതൃഭാഷാ ക്ലാസ് സംഘടിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 51714124, 55416559, 65971102, 97341639, 66438094.










0 comments