അസാധ്യമെന്ന് കരുതിയത് കേരളം സാധ്യമാക്കി: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Oct 27, 2025, 06:06 PM | 2 min read
സലാല: നാടിന്റെ പിന്തുണയും ജനങ്ങളുടെ ഐക്യവുമാണ് ആസാധ്യമെന്ന് കരുതി ഉപേക്ഷിച്ച പലതും യാഥാർഥ്യമാക്കാൻ കേരളത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവ കേരള നിർമിതിക്ക് നമ്മുടെ മുന്നിലുള്ള പ്രധാന തടസം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. എന്നാൽ കിഫ്ബി രൂപികരിച്ച് 90,000 കോടി രൂപ അടിസ്ഥാന വികസന മേഖലയിൽ നമ്മൾ നിക്ഷേപിച്ച് ആ പ്രശ്‌നം നമ്മൾ പരിഹരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്ന് നമ്മുടെ നാട്ടിലാണ്. നടപ്പിലാകില്ല എന്ന് കരുതി ഉപേക്ഷിച്ച ദേശിയ പാത വികസനം നമ്മൾ നടപ്പിലാക്കി. ഇന്ത്യയിൽ ഒരു സംസ്ഥാനം ദേശിയ പാതയ്ക്ക് പണം മുടക്കിയിട്ടുള്ളത് കേരളം മാത്രമാണ്. ഏതാണ്ട് 7000 കോടി രൂപ നമ്മൾ ഇൻവസ്റ്റ് ചെയ്യാൻ തയ്യാറായത് കൊണ്ടാണ് ദേശീയപാത യാതാർഥ്യമായത്. പൊതുവിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നമ്മൾ ഏറെ മുന്നേറി. ഉന്നത വിദ്യാഭ്യാസ മേഖലയിലും നമ്മൾ ഏറെ മുന്നേറി.
വയോജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേമ പെൻഷനുകൾ നമ്മൾ നടപ്പിലാക്കുന്നു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 1600 രൂപയാക്കി. മുൻപ് 18 മാസം കുടിശിഖ ആയിരുന്നത് കൊടുത്ത് തീർത്തു.സംസ്ഥാനത്ത് 64006 അതിദരിദ്രർ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 0.7 ശതമാനം വരുന്ന ജനതയെ അവഗണിക്കുകയല്ല മറിച്ച് അവർക്ക് മെച്ചപ്പെട്ട ജിവിത സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമിച്ചത്.നവംബർ ഒന്നിന് ശേഷം കേരളത്തിൽ അതി ദരിദ്രർ ഉണ്ടാവില്ല. ലോകത്ത് തന്നെ അതി ദരിദ്രർ ഇല്ലാത്ത അപൂർവ്വ സ്ഥലങ്ങളിലൊന്നായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ സ്വദേശി കലാകാരൻമാർ പരമ്പരാഗത ഒമാനി ന്യത്തത്തോടെ മുഖ്യമന്ത്രിയെ സ്വികരിച്ചപ്പോൾ, പാഞ്ചാരിമേളവുമായി സലാലയിലെ പ്രവാസികളും അദ്ദേഹത്തേ സ്വികരിച്ചു. സ്വാഗത സംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, ചീഫ് സിക്രട്ടറി ജയതിലക്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാജേഷ് കുമാർ ജാ, മലയാളം മിഷൻ സലാല യാ ചാപ്പ്റ്റർ സിക്രട്ടറി ഡോ ഷാജി പി ശ്രിധർ എന്നിവരും ഒമാനി പൗര പ്രമുഖരും സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ എ കെ പവിത്രൻ സ്വാഗതവും കേരള വിഭാഗം വനിത കോഡിനേറ്റർ ഷെമീന അൻസാരി നന്ദിയും പറഞ്ഞു.










0 comments