ad
Deshabhimani

ഏപ്രിൽ വായനാനുഭവം പങ്കുവച്ച്‌ ചില്ല

chilla riyadh
വെബ് ഡെസ്ക്

Published on Apr 30, 2026, 05:35 PM | 2 min read

റിയാദ് : ബാബു എബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ ഓർമക്കുറിപ്പുകളുടെ സമാഹാരത്തിന്റെ വായനാനുഭവം പങ്കുവച്ച്‌ മൂസ കൊമ്പൻ ചില്ല ഏപ്രിൽ മാസ വായനാപ്രവർത്തനങ്ങൾക്ക് തുടക്കതിട്ടു. അതിജീവനത്തിന്റെ അത്ഭുതകരമായ അനുഭവങ്ങൾ നിറഞ്ഞ കൃതി, വിശപ്പ്, അവഗണന, അനാഥാലയജീവിതം, ഹോട്ടൽ ജീവിതം തുടങ്ങി പല കഠിന ഘട്ടങ്ങളിലൂടെയുള്ള ഓർമകളാണ് അവതരിപ്പിക്കുന്നത്. കൃതിയുടെ ആധാരശക്തി നന്ദിക്കുന്നേൽ മേരി എന്ന ‘അമ്മ’യാണെന്നും മൂസ പറഞ്ഞു. ജീവിതത്തിന്റെ ഇരുട്ടുകളിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന കരുത്തായ സാന്നിധ്യമാണ്‌ അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മരണംതന്നെ കഥ പറയുന്നവനായെത്തുന്ന ലോകപ്രശസ്‌ത കൃതി 'ദ ബുക്ക് തീഫി’ന്റെ വായനാനുഭവം സ്‌നിഗ്‌ദ വിപിൻ പങ്കുവച്ചു. മാർക്കസ് സുസാക് രചിച്ച ഈ നോവൽ, ലീസൽ മെമിംഗർ എന്ന പെൺകുട്ടിയുടെ സാഹസികതയിലൂടെ, മരണവും മനുഷ്യന്റെ ക്രൂരതകളും ദയയും സാഹിത്യവും പ്രണയവും തമ്മിലുള്ള സൂക്ഷ്മബന്ധങ്ങൾ ആഴത്തിൽ അവതരിപ്പിക്കുന്നു. രണ്ടാം ലോക യുദ്ധകാലഘട്ടത്തിൽ, നാസി ജർമനിയിൽ ഹിറ്റ്‌ലർ നയിച്ച ക്രൂരതകളുടെ ഇരകളായ സാധാരണ മനുഷ്യരുടെ ജീവിതം ഹൃദയസ്പർശിയായി ചിത്രീകരിക്കുന്നുവെന്നും അവർ പറഞ്ഞു.


ചരിത്രവും ഭാവനയും ഇടകലരുന്ന, ജി ആർ ഇന്ദുഗോപന്റെ ‘ആനോ’ നോവലിലെ കാഴ്ചകൾ ശശി കാട്ടൂർ പങ്കുവച്ചു. അഞ്ഞൂറുകൊല്ലം മുമ്പ്‌ കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ആനക്കുട്ടിയുടെ യാത്രയും അന്നത്തെ മാര്‍പാപ്പയുടെ ഓമനയായിമാറിയ, ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേല്‍ തുടങ്ങിയ മഹാശിൽപ്പികള്‍ക്കൊപ്പം താമസിച്ച, സെയ്ന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനര്‍നിര്‍മിതികണ്ട ആനയുടെയും സഹയാത്രികരുടെയും കഥയാണ് ആനോയെന്ന്‌ ശശി പറഞ്ഞു.


‘എൻ ശങ്കരയ്യ ജീവിതവും പ്രസ്ഥാനവും' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ അവതരിപ്പിച്ചു. എൻ രാമകൃഷ്ണൻ രചിച്ച ഈ ഓർമക്കുറിപ്പുകൾ, സിപിഐ എമ്മി-ന്റെ മുതിർന്ന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ ശങ്കരയ്യയുടെ ജീവിതവും പ്രസ്ഥാനപരമായ സംഭാവനകളും വിശദമായി രേഖപ്പെടുത്തുന്നതാണ്. തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖനായ ശങ്കരയ്യ, എട്ടുവർഷം ജയിൽവാസവും മൂന്നുവർഷം ഒളിവുജീവിതവും അനുഭവിച്ച കരുത്തനായ പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതംതന്നെ തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതും ഇന്നും നമുക്ക് പ്രചോദനവും ഊർജവും നൽകുന്നതുമാണെന്ന് സതീഷ് പറഞ്ഞു.

പുസ്‌തകാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ സീബ കൂവോട്, നജീം കൊച്ചുകലുങ്ക്, നാസർ കാരക്കുന്ന്, സബീന എം സാലി, അനിത്ര ജ്യോമി, രാജേഷ് ഓണക്കുന്ന്, അനസ്, അജിത രാജേഷ്, സുനിൽ സുലൈ തുടങ്ങിയവർ സംസാരിച്ചു. ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home