സനാതനികളുടെ ഹിന്ദുത്വവഴികൾ ചർച്ച ചെയ്‌ത് ജൂലൈ ചില്ല വായന

റിയാദ് : സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ "സനാതനികളുടെ ഹിന്ദുത്വവഴികൾ' അടക്കം അഞ്ച് കൃതികളുടെ വായനാനുഭവം ചർച്ച ചെയ്‌ത് ചില്ല ജൂലൈ മാസ വായന. ഡി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ സനാതനികളുടെ ഹിന്ദുത്വവഴികൾ വി കെ ഷഹീബ അവതരിപ്പിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശാത്മകമായി പരിശോധിക്കുന്ന ഗ്രന്ഥത്തിന്റെ പ്രധാന ആശയങ്ങൾ അവർ വിശദീകരിച്ചു.
ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക അന്തരീക്ഷത്തെ സ്വാധീനിക്കാൻ സംഘപരിവാർ ശക്തികൾ ദീർഘകാലാടിസ്ഥാനത്തിൽ ആവിഷ്‌കരിക്കുന്ന പദ്ധതികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചും പുസ്‌തകം വിശദീകരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചിദംബരസ്‌മരണകൾ' അവതരിപ്പിച്ചുകൊണ്ട് ഷംസുദ്ദീൻ മച്ചിഞ്ചേരി പരിപാടിക്ക് തുടക്കം കുറിച്ചു. ദാരിദ്ര്യം, സൗഹൃദം, പ്രണയം, മനുഷ്യബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ സ്‌പർശിക്കുന്ന കൃതിയിൽ കവിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് സാധാരണ മനുഷ്യരാണെന്നും അവരോടുള്ള ആത്മബന്ധമാണ് പുസ-്‌തകത്തിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ബീനയുടെ "ഒസാത്തി" നോവൽ നസീർ മുള്ളൂർക്കര അവതരിപ്പിച്ചു. കേരളീയ മുസ്ലിം സമൂഹത്തിലെ ആന്തരിക ജാതിവ്യവസ്ഥയും സ്ത്രീജീവിതവും പ്രവാസവും ചർച്ചയാകുന്ന നോവലിലെ കഥാപാത്രങ്ങളുടെയും സാഹചര്യങ്ങളുടെയും സാമൂഹിക യാഥാർഥ്യങ്ങൾ അദ്ദേഹം വിശകലനം ചെയ്തു. സാഹിത്യ വിശകലനത്തോടൊപ്പം സാമൂഹിക വിമർശവും മാനുഷിക മൂല്യങ്ങളും ചേർന്ന അവതരണമായിരുന്നു അത്.
ബെന്യാമിന്റെ "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ' നോവൽ നാസർ കാരക്കുന്ന് പരിചയപ്പെടുത്തി. മലയാളത്തിലെ ശ്രദ്ധേയമായ പ്രസാധന സ്ഥാപനമായ മൾബറിയുടെ സ്ഥാപകൻ ഷെൽവിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രിയ എഴുത്തുകാരനായ നിക്കോസ് കസാൻസാക്കിസിനോടുള്ള അടുപ്പവും പുസ്തകങ്ങളോടുള്ള സമർപ്പണവും ആവിഷ്കരിക്കുന്ന നോവലിന്റെ പ്രമേയവും ആഖ്യാനരീതിയും അദ്ദേഹം വിശദീകരിച്ചു.
വി ഷിനിലാലിന്റെ നോവൽ "ഇരു’ അനിത്ര ജ്യോമി അവതരിപ്പിച്ചു. മാർത്താണ്ഡവർമയുടെ കാലംമുതൽ മൂന്നുനൂറ്റാണ്ടുകളുടെ ചരിത്രം പശ്ചാത്തലമാക്കി കാണി, വേടർ ഗോത്രവിഭാഗങ്ങളുടെ ജീവിതം വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അവർ പറഞ്ഞു. ചരിത്രവും ആധുനികതയും ഇഴചേർത്ത് സത്യവും മിഥ്യയും തമ്മിലുള്ള അതിരുകൾ മായ്ച്ച് വായനക്കാരനെ ചിന്തിപ്പിക്കുന്ന നോവലിന്റെ സവിശേഷതകളും അവർ വിശദീകരിച്ചു.
ചർച്ചയ്ക്ക് റഫീഖ് പന്നിയങ്കര തുടക്കം കുറിച്ചു. നജീം കൊച്ചുകലുങ്ക്, രാജേഷ് ഓണക്കുന്ന്, അനസ് നാസിർ, സെബിൻ ഇക്ബാൽ, സബീന എം സാലി, സീബ കൂവോട്, സുബിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് സമാപനമായി മൂസ കൊമ്പൻ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായി.










0 comments