Deshabhimani

സ്ക‍ൂൾ സമയക്രമത്തിലെ മാറ്റം; പരിഗണന വിദ്യാർഥി ക്ഷേമത്തിന്‌: കെഎച്ച്ഡിഎ

dubai school students
വെബ് ഡെസ്ക്

Published on Oct 02, 2026, 03:11 PM | 1 min read

ദുബായ് : വിദ്യാർഥികളുടെ ക്ഷേമം പരിഗണിച്ചായിരിക്കണം ദുബായിലെ സ്‌കൂളുകൾ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടതെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഐഷ മിറാൻ. സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്താൻ സ്കൂളുകൾക്ക്‌ അനുമതിയുണ്ടെങ്കിലും കെഎച്ച്ഡിഎയുടെ അംഗീകാരം നിർബന്ധമാണ്. ദുബായിലെ വിവിധ സ്കൂളുകളിൽ വ്യത്യസ്ത പാഠ്യപദ്ധതികളും പാഠ്യേതര പ്രവർത്തനങ്ങളും ഉള്ളതിനാൽ എല്ലാ സ്‌കൂളുകൾക്കും ഒരേ സമയക്രമം നിർദേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഐഷ വ്യാഴാഴ്‌ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


​സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രാസമയം വിദ്യാർഥികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്‌. ദീർഘകാലാടിസ്ഥാനത്തിൽ യാത്രാസമയം കുറയ്ക്കുന്നതിന് സ്കൂൾ സമയത്തിൽ മാത്രം മാറ്റം വരുത്തുന്നതോടൊപ്പം കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് സമീപം സ്കൂളുകൾ ലഭ്യമാക്കുന്ന തരത്തിലുള്ള നഗരാസൂത്രണവും ആവശ്യമാണ്. ദുബായ് വിദ്യാഭ്യാസ മാസ്റ്റർപ്ലാനിലൂടെ സ്കൂളുകൾ താമസസ്ഥലങ്ങൾക്ക് അടുത്താക്കാനാണ്‌ ലക്ഷ്യമിടുന്നത്. ഇതുവഴി കാൽനടയായും സൈക്കിളിലും സ്‌കൂട്ടറിലും കുട്ടികൾക്ക് സ്‌കൂളിലെത്താൻ കഴിയുന്ന സാഹചര്യം ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.


​സ്വകാര്യ വാഹനങ്ങളിലോ സ്കൂൾ ബസുകളിലോ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും ന്യായമായ യാത്രാസമയം ഉറപ്പാക്കുകയാണ് ലക്ഷ്യം. നഗരാസൂത്രണത്തിൽ 20 മിനിറ്റിനുള്ളിൽ ആവശ്യമായ സേവനങ്ങളിലേക്ക് എത്തിച്ചേരാനാകുന്ന സാഹചര്യം ലക്ഷ്യമിടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home