Deshabhimani

ചെന്നൈയിൽ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് കഴിഞ്ഞ് പിറ്റേന്ന് കോഴിക്കോട് സ്കൂൾ കായിക മേള; കുരുന്ന് താരങ്ങൾക്ക് ദുരിതം മാത്രം

Junior Girls 3000 meter state school sports meet

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 08, 2026, 12:01 PM | 1 min read

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന്റെ ഏകോപനമില്ലാത്ത സംഘാടനത്തിൽ വലഞ്ഞ് സ്കൂൾ കായിക താരങ്ങൾ. ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റും സംസ്ഥാന സ്കൂൾ കായികമേളയും തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നത് ഇരു മത്സരങ്ങളിലും പങ്കെടുക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കുന്നു.


20 വയസിന് താഴെയുള്ളവരുടെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റ് ഈ മാസം 23 മുതൽ 26 വരെ ചെന്നൈയിൽ നടക്കും. സംസ്ഥാന സ്കൂൾ കായികമേള 25ന് കോഴിക്കോട് ആരംഭിക്കുമ്പോൾ അത്‌ലറ്റിക്‌സ് മത്സരങ്ങൾ 27 മുതലാണ്.


ദേശീയ മീറ്റിൽ 26 ന് വരെ മത്സരിക്കുന്ന താരങ്ങൾക്ക് തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിൽനിന്ന് കോഴിക്കോട്ടെത്തി സംസ്ഥാന മേളയിൽ മത്സരിക്കേണ്ട സ്ഥിതിയാണ്. മതിയായ യാത്രാസമയവും വിശ്രമവും ലഭിക്കാതെ ഇരു മത്സരങ്ങളിലും പങ്കെടുക്കേണ്ടിവരുന്നതാണ് താരങ്ങളെയും പരിശീലകരെയും ആശങ്കയിലാക്കുന്നത്.


സംസ്ഥാന ജൂനിയർ മീറ്റിൽ മികച്ച പ്രകടനം നടത്തിയവരാണ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. യാത്രയ്ക്കും വിശ്രമത്തിനും മതിയായ സമയം ലഭിക്കാത്തത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് പരിശീലകർ പറയുന്നു.


സംസ്ഥാന സ്കൂൾ കായികമേളയുടെ ഷെഡ്യൂൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നതാണ്. ദേശീയ മത്സരത്തിന്റെ തീയതികളും അറിയാമായിരുന്ന സാഹചര്യത്തിൽ താരങ്ങൾക്ക് ആവശ്യമായ ഇടവേള ലഭിക്കുന്ന തരത്തിൽ ക്രമീകരണം വേണമെന്നാണ് പരിശീലകരുടെ ആവശ്യം.


അതേസമയം, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ രൂപീകരണം, പരിശീലനം, യാത്രാ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സംസ്ഥാന സ്കൂൾ കായികമേളയുടെ തീയതി നിശ്ചയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.


പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷയും കായികതാരങ്ങൾക്ക് മറ്റൊരു വെല്ലുവിളിയാണ്. 12 മുതൽ 17 വരെയാണ് പരീക്ഷ. ഇതിനിടയിലാണ് പല സബ് ജില്ലാ, ജില്ലാ കായികമേളകളും നടക്കുന്നത്.


പരീക്ഷയും കായികമത്സരങ്ങളും ഒരുമിച്ച് വരുന്നത് വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കുന്നതായും അധ്യാപകരും പരിശീലകരും ചൂണ്ടിക്കാട്ടുന്നു. ദേശീയ, സംസ്ഥാന മത്സരങ്ങളുടെ തീയതികൾ ഏകോപിപ്പിച്ച് താരങ്ങൾക്ക് മതിയായ വിശ്രമവും യാത്രാസമയവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home