കാർഡിയോളജി ഒപി ടിക്കറ്റ് നൽകുന്നില്ല; കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

കണ്ണൂർ: കാർഡിയോളജി ഡോക്ടറെ കാണാൻ ഒപി ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി രോഗികൾ. ഓൺലൈൻ വഴി കൂടുതൽ ടിക്കറ്റുകൾ നൽകിയെന്നും കാർഡിയോളജി വിഭാഗത്തിൽ മതിയായ ഒപി ടിക്കറ്റുകൾ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം.
മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷം ടോക്കൺ തീർന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും കഴിഞ്ഞ ദിവസവും ഇതുപോലെ ടോക്കൺ തീർന്നുവെന്ന പേരിൽ ഞങ്ങളെ തിരിച്ചയച്ചുവെന്നും രോഗികൾ പറയുന്നു. കഴിഞ്ഞാഴ്ചയും ഇതാണ് ആവർത്തിച്ചതെന്നും ഇവിടെയുള്ളവരുടെ വേണ്ടപ്പെട്ടവർക്കെല്ലാം ടോക്കൺ നൽകുന്നുണ്ടെന്നും ചികിത്സയ്ക്കെത്തിയ രോഗികൾ പറയുന്നു.
അഞ്ഞൂറോളം പേരാണ് ക്യൂവിൽ നിൽക്കുന്നത്. എന്നിട്ടും 100 ഒപി ടിക്കറ്റുകൾ നൽകി കഴിഞ്ഞു എന്ന് അധികൃതർ അറിയിച്ചതായി രോഗികൾ പറഞ്ഞു. പുലർച്ചെ ആശുപത്രിയിൽ എത്തിയിട്ടും ടിക്കറ്റ് ലഭിച്ചില്ലെന്നും ക്യൂവിൽ നിന്നവരിൽ നൂറ് പേർക്ക് പോലും ടിക്കറ്റ് ലഭിച്ചില്ല എന്നും ആക്ഷേപമുണ്ട്. ആഴ്ചകളായി ആശുപത്രിയിലെത്തിയിട്ടും ടോക്കൺ കിട്ടാത്തതിനെ തുടർന്ന് പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുകയാണെന്നും രോഗികൾ ചൂണ്ടിക്കാട്ടുന്നു.








0 comments