"അസുര സ്വഭാവക്കാര്‍ വീട് അശുദ്ധമാക്കി" ഗ്യാനേഷ് കുമാറിന്റെ വീട്ടിൽ ശുദ്ധികലശം

ആഗ്ര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ കുടുംബ വീട് നാട്ടുകാര്‍ തൊട്ട് അശുദ്ധമാക്കിയതായി ആരോപിച്ച് തീണ്ടൽ മാറ്റാൻ വിപുലമായ ശുദ്ധികലശവും കലശയാത്രയും. ബിജെപിക്ക് വേണ്ടി വോട്ട് അട്ടിമറി നടത്തിയത് പുറത്തെത്തിയതോടെ രാജ്യത്ത് പ്രതിഷേധം പടരുകയാണ്. ഇതിന്റെ ഭാഗമായി ആഗ്രയിലെ കമ്മീഷണറുടെ കുടുംബ വീട്ടിലേക്ക് നാട്ടുകാരായ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് തീണ്ടൽ അകറ്റൽ കര്‍മ്മങ്ങൾ. അസുര സ്വഭാവമുള്ളവര്‍ കടന്നു കയറി വീട് തീണ്ടി അശുദ്ധമാക്കി എന്നാണ് വിശദീകരണം.
ആഗ്രയിലെ വിജയ് നഗറിലാണ് ഗ്യാനേഷ് കുമാറിന്റെ കുടുംബ വീട്. വീടും പരിസരവും ഗംഗാ ജലം തളിച്ച് ശുദ്ധമാക്കി. ഇതിന് ശേഷമാണ് മാറ്റൽ കര്‍മ്മങ്ങൾ നടത്തിയത്. "അസുര സ്വഭാവമുള്ളവർ വീട് അശുദ്ധമാക്കി" ഇത് മാറ്റാനാണ് ചടങ്ങുകൾ നടത്തിയതെന്ന് മുഖ്യ കമ്മീഷണറുടെ മാതാവ് സത്യവതി പ്രാദേശിക മാധ്യമങ്ങളോട് പറയുകയും ചെയ്തു.
"സെപ്റ്റംബർ 28-ന് അസുര സ്വഭാവമുള്ള ചിലർ വീടിനു മുന്നിലെത്തി അക്രമം കാണിക്കുകയും വീട് അശുദ്ധമാക്കുകയും ചെയ്തു. വീടിന്റെ വിശുദ്ധി വീണ്ടെടുക്കാനും സമാധാനത്തിനും വേണ്ടിയാണ് വിശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നത്," എന്നും വിശദീകരിച്ചു.
ചടങ്ങുകളുടെ ഭാഗമായി വിപുലമായ പുരോഹിത സംഗമവും മന്ത്രപരായണങ്ങളും ഉണ്ടായി. അഖില ഭാരതീയ മഥുർ വൈശ്യ മഹാസഭയുടെ നേതൃത്വത്തിൽ കാവി വസ്ത്രങ്ങളണിഞ്ഞ് പുരോഹിത സംഘം ശുദ്ധി കലശത്തന് നേതൃത്വം നൽകി. തുടര്‍ന്ന് വിപുലമായ മന്ത്രപരായണ ചടങ്ങുകൾ അരങ്ങേറി. ഇതോടനുബന്ധിച്ച് നടത്തിയ കലശ യാത്രയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു.
സെപ്തംബര്‍ 28 നായിരുന്നു ആഗ്രയിലെ വിജയ് നഗറിലുള്ള വീടിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം. വോട്ട് മോഷ്ടാവ്, ബിജെപി ഏജന്റ് എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കിയും ചുമരെഴുത്തുകൾ നടത്തിയും ആയിരുന്നു വിവിധ ജാതിമത വിഭാഗങ്ങളിൽ നിന്നുള്ളവര്‍ ഒന്നായി അണിചേര്‍ന്ന പ്രതിഷേധം. ഇവരെയാണ് അസുര സംഘമായി വിശേഷിപ്പിച്ചത്.








0 comments