ഹോട്ടൽ മുറിയിൽ 39കാരിയെ കഴുത്തുഞെരിച്ച് കൊന്ന് 20കാരനായ യുഎസ് സൈനികൻ; വൻ പ്രതിഷേധം

image courtesy : afp
ടോക്കിയോ: യുവതിയെ കൊല്ലുകയും ബാഗും പണവും കൊള്ളയടിക്കുകയും ചെയ്ത കേസിൽ യുഎസ് നാവികസേനാംഗം അറസ്റ്റിൽ. ജപ്പാനിലെ ഒക്കിനാവയിലാണ് സംഭവം. ഹോട്ടൽ മുറിയിൽ വെച്ച് അന്ന യാഗി (39) എന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പേഴ്‌സും ബാഗും കവരുകയും ചെയ്തു. സംഭവത്തിൽ മറൈൻ കോർപ്സ് എയർ സ്റ്റേഷൻ ഫ്യൂട്ടൻമയിലെ 20 കാരനായ ഡെവിൻ ജേക്കബ് ബല്ലാർഡ് അറസ്റ്റിലായി.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രതി നിഷേധിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ഒക്കിനാവയിലെ യുഎസ് സൈന്യം പരിശീലന പ്രവർത്തനങ്ങൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കുകയും സൈനികർക്ക് ബേസിന് പുറത്തിറങ്ങുന്നതിനും മദ്യപിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അച്ചടക്കവും ഉത്തരവാദിത്തങ്ങളും ഉറപ്പുവരുത്താനാണ് ഈ സമയമെന്ന് കമാൻഡിംഗ് ജനറൽ ലെഫ്റ്റനന്റ് ജനറൽ ബെഞ്ചമിൻ ടി വാട്സൺ അറിയിച്ചു. കൂടാതെ, 30 ദിവസത്തേക്ക് അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിയ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ മുൻകരുതലുകൾ യുഎസുമായി ചേർന്ന് സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. യുഎസ് സൈനികരുടെ അച്ചടക്കം ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്കിനാവ ഗവർണർ ഗെന്റ കോജ, ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി.
യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യവും സൈനികരുടെ അച്ചടക്കമില്ലായ്മയും ഒക്കിനാവയിൽ കാലങ്ങളായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലും യുഎസ് സൈനികർ ഉൾപ്പെട്ട സമാനമായ ബലാത്സംഗ, കൊലപാതക കേസുകളും മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളും പ്രദേശത്ത് കടുത്ത ജനരോഷത്തിന് വഴിവെച്ചിരുന്നു.








0 comments