പാസ്പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ചത് പ്രവാസികളോടുള്ള വെല്ലുവിളി; നടപടി പിൻവലിക്കണം: ഓർമ ദുബായ്

ദുബായ്: സാധാരണക്കാരായ അപേക്ഷകരെയും പ്രവാസികളെയും കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുന്ന തരത്തിൽ പാസ്പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തരമായി പിൻവലിക്കണമെന്ന് ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) ആവശ്യപ്പെട്ടു.
14 വർഷത്തിന് ശേഷമുള്ള ഫീസ് പരിഷ്കരണമെന്ന പേരിൽ ജൂലൈ 1 മുതൽ സാധാരണ പാസ്പോർട്ടിന് ഏകദേശം 66 ശതമാനം വരെ യും തത്കാൽ സേവനങ്ങൾക്ക് വൻതോതിലുള്ള വർധനവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായും 60 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും ഉയർത്തിയിട്ടുണ്ട്. തത്കാൽ അപേക്ഷകൾക്കും വിദേശത്തുനിന്നുള്ള അപേക്ഷകൾക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.
ഗൾഫ് രാജ്യങ്ങളില്‍ ഉൾപ്പെടെ വിദേശത്ത് കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് ഈ ഫീസ് വർധനവ് ഇരട്ടപ്രഹരമാണെന്ന് ഓർമ പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള കോൺസുലാർ സേവന നിരക്കുകൾക്ക് പുറമേ വിദേശങ്ങളിലെ പാസ്പോർട്ട് സേവന നിരക്കുകളിലും ഗണ്യമായ വർധന വരുത്തിയിരിക്കുന്നത് പ്രവാസികളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ്.
പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഈ ഫീസ് വർധന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ഓർമ പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാരുടെയും പ്രവാസികളുടെയും മേൽ അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഫീസ് വർധനവ് കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments