ad
Deshabhimani

വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ; 'ഓപ്പറേഷൻ അമിസ്റ്റാഡ്' പ്രഖ്യാപിച്ചു, രണ്ട് വിമാനങ്ങൾ പുറപ്പെട്ടു

operation amistad

Photo Credit: ANI

വെബ് ഡെസ്ക്

Published on Jun 26, 2026, 03:33 PM | 1 min read

ന്യൂഡൽഹി: ഭൂകമ്പത്തിൽ വിറങ്ങലിച്ച വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ. ഇതിനായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ ഓപ്പറേഷൻ അമിസ്റ്റാഡ് പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ അടിയന്തര മാനുഷിക സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങൾ വെനിസ്വേലയിലേക്ക് പുറപ്പെട്ടു. ഇതിൽ ഒരു ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും 35 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഈ ദുഷ്‌കരമായ സമയത്ത് വെനിസ്വേല സർക്കാരിനെയും ജനങ്ങളെയും ചേർത്തുനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എസ് ജയ്ശങ്കർ പറഞ്ഞു.


അതേസമയം, ഭൂകമ്പം തകർത്ത വെനസ്വേലിയൻ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 235 പേർ മരണപ്പെടുകയും കുറഞ്ഞത് 4,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണാതായി. ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.


തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള ലാ ഗ്വൈറ തീരപ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. നാശനഷ്ടങ്ങൾ കാരണം ഇവിടുത്തെ വിമാനത്താവളം അടച്ചിട്ടു. വെനസ്വേലയിലെ പ്രധാന വിമാനത്താവളം ഇവിടെയായതിനാൽ അത് അടച്ചിട്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടത്തും മതിയായ യന്ത്രസാമഗ്രികളുടെ അഭാവം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. വൈദ്യുതി, സെൽഫോൺ സേവനങ്ങൾ തടസ്സപ്പെടുകയും ഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾ ഷെൽട്ടറുകളായും സംഭരണ കേന്ദ്രങ്ങളായും മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home