ad
Deshabhimani

ഹോർമുസ് വഴി ക്രൂഡ് ഓയിൽ കയറ്റുമതി പുനരാരംഭിച്ച് സൗദി അരാംകോ

Saudi Aramco

Image Credit : REUTERS/Maxim Shemetov/File Photo

വെബ് ഡെസ്ക്

Published on Jun 26, 2026, 04:35 PM | 2 min read

റിയാദ് : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ക്രൂഡ് ഓയിൽ കയറ്റുമതി സൗദി അരാംകോ പുനരാരംഭിച്ചു. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് കയറ്റുമതി പുനരാരംഭിക്കുന്നത്. ഗൾഫ് മേഖലയിലെ പ്രധാന എണ്ണ ടെർമിനലായ റാസ് തനൂറയിൽ നിന്നാണ് വെള്ളിയാഴ്ച മുതൽ എണ്ണക്കപ്പലുകൾ വീണ്ടും പുറപ്പെട്ടു തുടങ്ങിയത്. ആഗോള വിപണി സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഈ നീക്കത്തിൽ പങ്കുചേർന്നത്.


വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ തായ്‌വാന്റെ ‘എവർഗ്രീൻ മറൈൻ’ കമ്പനിയുടെ ചരക്കുകപ്പലിന് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും സൗദി കയറ്റുമതി നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.


കപ്പലിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കുന്ന നടപടി ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ ഇറാനുമായി ഉണ്ടാക്കിയ പ്രാഥമിക സമാധാന കരാർ വീണ്ടും ആശങ്കയിലായി. കപ്പലിന് നേരെ വെടിയുതിർത്തത് ഇറാനാണെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. അതേസമയം നിശ്ചയിച്ചിട്ടുള്ള റൂട്ടുകൾക്ക് പുറത്തുപോകുന്ന കപ്പലുകളുടെ സുരക്ഷക്ക് ഗ്യാരണ്ടി നൽകാനാകില്ലെന്നാണ് ഇറാൻ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി വ്യക്തമാക്കിയത്.


യുദ്ധത്തിന് മുൻപ് പ്രതിദിനം 50 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിൽ കയറ്റി അയച്ചിരുന്ന തന്ത്രപ്രധാന തുറമുഖമാണ് റാസ് തനൂറ. സൗദിയിലെ ഏറ്റവും വലിയ ആഭ്യന്തര എണ്ണശുദ്ധീകരണശാലയും ഇവിടെയാണ്. എൽഎസ്ഇജി വിവരങ്ങൾ പ്രകാരം മാർച്ച് 8നാണ് അരാംകോ ഇവിടെ നിന്ന് അവസാനമായി ചൈനയിലേക്ക് എണ്ണ കയറ്റി അയച്ചത്.


യുഎസ് - ഇസ്രയേൽ സഖ്യം കടന്നാക്രമണം നടത്തിയതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടു. ഇതേത്തുടർന്ന് സൗദിക്ക് കയറ്റുമതി ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖത്തേക്ക് മാറ്റേണ്ടി വന്നു. ഫെബ്രുവരിയിൽ പ്രതിദിനം 70 ലക്ഷം ബാരലായിരുന്ന സൗദിയുടെ കയറ്റുമതി യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 40 ലക്ഷം ബാരലായി കുത്തനെ ഇടിഞ്ഞിരുന്നു.


കപ്പൽ ആക്രമണ വാർത്തയെത്തുടർന്ന് വെള്ളിയാഴ്ച വിപണിയിൽ ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നുവെങ്കിലും പിന്നീട് ബാരലിന് 1 ഡോളറിലധികം ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ ഗതാഗതം ഈ ആഴ്ചയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും വിപണിയിൽ ലഭ്യമാകുന്ന എണ്ണയുടെ അളവ് കൂടിയതുമാണ് വില കുറയാൻ കാരണമായത്. ഉല്പാദകർക്കിടയിലെ മത്സരം ശക്തമാകുന്നതിനാൽ സൗദി അരാംകോ വരും ആഴ്ചകളിൽ എണ്ണവില കുറച്ചേക്കും.


കുവൈറ്റ്, യുഎഇ എന്നിവക് പിന്നാലെ ഇറാഖും ഖത്തറും ക്രൂഡ് ഓയിൽ വിൽപനക്കായി ടെൻഡറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാഷിംഗ്ടൺ താല്കാലികമായി ഉപരോധം നീക്കിയതോടെ ഇറാനും കയറ്റുമതി വേഗത്തിലാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണയാണ് വിപണിയിലേക്ക് തിരിച്ചെത്തിയതെന്നാണ് വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ മേഖലയിലെ എണ്ണ വിതരണം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home