മാതൃ സ്നേഹത്തിൽ ചാലിച്ച വിജയം

കണ്ണൂർ: മാതൃ സ്നേഹത്തിന്റെ കഥയുമായി നാടോടി നൃത്ത വേദിയിൽ കൃഷ്ണ രാധാകൃഷ്ണൻ നിറഞ്ഞാടിയപ്പോൾ സദസ്സിലിരിക്കുന്നവരുടെയും ഉള്ളൊന്നു പിടഞ്ഞു. തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിൽ നാടോടി നൃത്ത മത്സരത്തിൽ കൃഷ്‌ണ പറഞ്ഞത്, ശാസിക്കുന്ന അമ്മയോട് തറുതല പറയുന്ന മകൾക്ക് സ്വന്തം അമ്മയെ നഷ്‌ടമാകുന്ന കഥയായിരുന്നു. മാതൃ സ്നേഹത്തിലൂടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും കൃഷ്‌ണ സ്വന്തമാക്കി.
ഇത് തന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്ന അമ്മയോടുള്ള ആദരം കൂടിയാണെന്ന് കൃഷ്ണ പറയുന്നു. ഒരു വയസ്സു മുതൽ നൃത്തം പഠിക്കുന്ന കൃഷ്ണ കഴിഞ്ഞദിവസം നടന്ന ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. തൃശൂർ നെടുപുഴ ഗവൺമെന്റ് വുമൺസ് പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ്. തൃശൂർ തളിക്കുളം സ്വദേശിയായ കൃഷ്‌ണ 2024ലെ സംസ്ഥാന സ്കൂൾ കലോത്സവ വിജയി കൂടിയാണ്.
തൃശിവപേരൂർ കണ്ണന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന കൃഷ്ണ അധ്യാപിക കൂടിയാണ്. 25ഓളം വരുന്ന കുട്ടികളെ കഴിഞ്ഞ ഒരു വർഷമായി നൃത്തം പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അവരുടെ അരങ്ങേറ്റവും നടന്നു. എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന അച്ഛൻ രാധാകൃഷ്‌ണൻ, അമ്മ അമ്പിളി, സഹോദരൻ യദു കൃഷ്‌ണ എന്നിവരടങ്ങുന്ന കുടുംബമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് കൃഷ്ണ പറയുന്നു. നാടോടി നൃത്ത മത്സരത്തിൽ തിരുവനന്തപുരം സെൻട്രൽ പോളി ടെക്‌നിക് കോളേജിലെ എസ് ആർ അഭിരാമി സുനിലും ഒന്നാം സ്ഥാനം പങ്കിട്ടു.










0 comments